Kerala

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; വിഴിഞ്ഞം നാളെ രാജ്യത്തിന് സമർപ്പിക്കും; നഗരത്തിൽ ഗതാഗത നിയന്ത്രണം | Prime Minister will arrive in Kerala today

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തും. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ ലാൻഡ് ചെയ്യും. ഇന്ന് രാത്രി പ്രധാനമന്ത്രി രാജ്ഭവനിൽ തങ്ങും. നാളെ രാവിലെ സൈനിക ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി തുറമുഖത്തെത്തും. ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി തുറമുഖം കാണും. കമ്മീഷനിങ്ങിനോട് അനുബന്ധിച്ച് എംഎസ് സിയുടെ കൂറ്റൻ കപ്പൽ സെലസ്റ്റീനോ മരെസ്ക എന്ന കപ്പൽ വിഴിഞ്ഞത് എത്തും.