ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്താൻ വെടിവെയ്പ്പ് തുടർന്നു. കുപ്വാര, ഉറി, അഖ്നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയായാണ് ആക്രമണം നടന്നത്. ഇന്ത്യ അതീവ ജാഗ്രതയിലാണ്, പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇത് തുടർച്ചയായി ഏഴാം ദിവസമാണ് പാക് സൈന്യം നിയന്ത്രണ രേഖയിൽ അശാന്തി സൃഷ്ടിക്കുന്നത്. ഇന്ത്യൻ സൈന്യം മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.
ഇതിനിടെ വ്യോമാതിർത്തി അടച്ച് ഇന്ത്യ. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് വിലക്ക്. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. പാകിസ്താനെതിരെ നടപടി കടുപ്പിക്കുന്നുവെന്ന സൂചനയാണ് ഇന്ത്യ നൽകികൊണ്ടിരിക്കുന്നത്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്നും നിർണായക യോഗങ്ങൾ തുടരും. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യും ചേർന്ന് വിലയിരുത്തും. കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷവും പ്രധാനമന്ത്രി കരസേന മേധാവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാനെ അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിക്കുകയാണ്.