തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ നിന്ന് രക്ഷിച്ചത് ആഫ്രിക്കക്കാരന്റെ ചതി. ഷീലയെ കുടുക്കാനായി യഥാര്‍ത്ഥ എല്‍എസ്ഡി സ്റ്റാമ്പ് വാങ്ങാനാണ് മരുമകളുടെ സഹോദരി ലിവിയയും സുഹൃത്ത് നാരായണ ദാസും തീരുമാനിച്ചിരുന്നത്. ബെംഗളൂരുവിലുള്ള ആഫ്രിക്കക്കാരനിൽനിന്ന് പതിനായിരം രൂപ കൊടുത്ത് സ്റ്റാമ്പ് വാങ്ങിയത് ഷീലയ്ക്ക് ജയിൽശിക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, മൂന്നു മാസത്തിനുശേഷം കാക്കനാട്ടെ അനലിറ്റിക്കൽ ലാബിലെ രാസപരിശോധനാഫലം നെഗറ്റീവായതോടെ ഷീല കേസിൽനിന്ന് കുറ്റവിമുക്തയായി.
ഒറിജിനലെന്നുപറഞ്ഞ് ആഫ്രിക്കക്കാരൻ ലിവിയയെ പറ്റിക്കുകയായിരുന്നു. ലിവിയ വാങ്ങിയത് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് ആയിരുന്നുവെന്ന് മനസ്സിലായത് പരിശോധനാഫലം വന്നതിനുശേഷമാണെന്നാണ് പ്രതി നാരായണദാസ് പോലീസിനു മൊഴി നൽകിയത്. യഥാര്‍ത്ഥ സ്റ്റാമ്പായിരുന്നു കൈമാറിയിരുന്നതെങ്കില്‍ ഷീലയുടെ നിരപരാധിത്വം തെളിയിക്കുക എളുപ്പമാകുമായിരുന്നില്ല. സ്റ്റാമ്പ് ശരിയായി സൂക്ഷിച്ചില്ലെങ്കിലും പരിശോധനാഫലം നെഗറ്റീവാകും. ആഫ്രിക്കക്കാരന്റെ ചതിയോ പ്രതികളുടെ അശ്രദ്ധയോ ആകാം ഷീലയ്ക്ക് തുണയായതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.