Health

തലവേ​ദന ഇനി പമ്പ കടക്കും!! അഞ്ച് പൊടിക്കൈകള്‍ ഇതാ | Headache

വേദനസംഹാരി പലവിധമായ ആരോ​ഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്

പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് തലവേദന. ഒരു ദിവസത്തെ നശിപ്പിക്കാൻ ഇത് മാത്രം മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. പലവിധ കാരണങ്ങൾ കൊണ്ടും അലർജി കൊണ്ടും തലവേദന വരാറുണ്ട്. അതുകൊണ്ട് തന്നെ വേദനസംഹാരിയാണ് പരിഹാരമായി പലരും കാണുന്നത്. എന്നാൽ ഇത് പലവിധമായ ആരോ​ഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാല്‍ തലവേദനയെ പമ്പകടത്താന്‍ വലിയ പാര്‍ശ്വഫലങ്ങളില്ലാത്ത ചില എളുപ്പമാര്‍ഗങ്ങളുണ്ട്. അവ നോക്കാം

ശരീരത്തില്‍ ജലാംശം ഉറപ്പുവരുത്തുക

ആവശ്യത്തിന് ജലാംശം ശരീരത്തില്‍ നിലനിര്‍ത്തുക. അസ്വസ്ഥത അനുഭവപ്പെട്ടുതുടങ്ങുമ്പോള്‍ തന്നെ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളത്തില്‍ ഒരു കഷ്ണം നാരങ്ങയോ, കുക്കുംബറോ ചേര്‍ക്കുകയാണെങ്കില്‍ നന്നായി.

ഐസ് ക്യൂബ് പാക്ക്

ഐസ് ക്യൂബ് ഒരു തുണിയില്‍ കെട്ടി നെറ്റിയില്‍ വയ്ക്കുന്നത് തലവേദനയ്ക്ക് ആശ്വാസമേകും. 20-30 മിനിറ്റ് ഇപ്രകാരം വച്ചുനോക്കാം. വളരെ എളുപ്പമുള്ള വേഗത്തില്‍ ഫലം ലഭിക്കുന്ന ഒരു മാര്‍ഗമാണ് ഇത്.

ഓയില്‍ മസാജ്

തലവേദനയുള്ളപ്പോള്‍ മൃദുവായ ഓയില്‍ മസാജ് ചെയ്യുന്നത് നന്നായിരിക്കും. പെപ്പര്‍മിന്റ്, ലാവെന്‍ഡര്‍ ഓയിലുകള്‍ നെറ്റിയില്‍ പുരട്ടി മൃദുവായി തടവുക. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച ഫലമായിരിക്കും ഇത് നിങ്ങള്‍ക്ക് നല്‍കുക. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മസിലുകളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. സൈനസ് മൂലമുള്ള തലവേദന കുറയ്ക്കാനും ഇത് സഹായിക്കും.

ഉറക്കം

മതിയായ ഉറക്കം ലഭിക്കാത്തതാണ് നിങ്ങളുടെ തലവേദനയ്ക്കുള്ള കാരണമെങ്കില്‍ പ്രതിവിധി നന്നായി ഉറങ്ങുക എന്നുള്ളത് തന്നെയാണ്. അതല്ലെങ്കിലും മതിയായ വിശ്രമം ലഭിക്കുന്നത് തലവേദന കുറയ്ക്കാന്‍ സഹായിക്കും. ഏതാനും മിനിറ്റുകള്‍ നീളുന്ന ചെറിയ നാപ് മുതല്‍ മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ആഴത്തിലുള്ള ഉറക്കം തലവേദന ഇല്ലാതാക്കാന്‍ സഹായിക്കും. മതിയായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും പുനഃക്രമീകരിക്കും. ഹോര്‍മോണുകളെ തുലനം ചെയ്യും, ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കും. നല്ലൊരു ഉറക്കം നിങ്ങളെ ഉന്മേഷവാനാക്കും.

 ഇഞ്ചി ചായ

ആന്റി ഇന്‍ഫ്‌ളമേറ്ററി ചേരുവ അടങ്ങിയിട്ടുള്ളതാണ് ഇഞ്ചിച്ചായ. അല്പം ഇഞ്ചി അരിഞ്ഞിട്ട ചായ കുടിക്കുന്നത് നിങ്ങളുടെ തലവേദന കുറയ്ക്കുകയും ക്ഷീണം ഇല്ലാതാക്കുകയും ചെയ്യും. അതുപോലെ കാപ്പി കുടിക്കുന്നതും മികച്ച മാര്‍ഗമാണ്. വേദനയില്‍ നിന്ന് പെട്ടെന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പി. രക്തക്കുഴലുകളെ ചുരുക്കാനും വേദന കുറയ്ക്കാനും കഫൈന്‍ സഹായിക്കും. അതേ ഒരു കപ്പ് കാപ്പി മതി തലവേദന മാറ്റി നിങ്ങളെ ഉന്മേഷവാനാക്കാന്‍.

content highlight: Headache