തൃശൂര്‍: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വേടനെതിരെ പുലിപ്പല്ല് കേസെടുത്തത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുസമൂഹത്തിന്‍റെ വികാരം മാനിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. സുരേഷ് ഗോപിയോടും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനും ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം വേടനെതിരായ കേസിൽ ജാതി രാഷ്ട്രീയ ചർച്ചകൾ തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്നായിരുന്നു വനംമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
കേസിൽ ഇന്നലെ വേടന് ജാമ്യം ലഭിച്ചിരുന്നു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കരുതെന്ന വനംവകുപ്പിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കർശന ഉപാധികളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടു പുറത്തു പോകരുത്, ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം.