ഊബറിന് സമാനമായി ടാക്‌സികള്‍ ആപ്പ് മുഖേനെ ലഭ്യമാക്കുന്ന കേരള സര്‍ക്കാരിന്റെ കേരള സവാരി ഇന്ന് മുതല്‍ കൂടുതൽ സജീവമാകുന്നു. ബെംഗളൂരുവിലെ നമ്മയാത്രി’ ആപ്പിന്റെ പിന്തുണയോടെയാണ് പുതിയ മുന്നേറ്റം. ഇനി മുതൽ എവിടെ പോകണമെങ്കിലും ആപ്പിൽ ഒരു ക്ലിക്ക് മാത്രം മതി. യാത്ര കൂടുതൽ ബഡ്ജറ്റ് ഫ്രണ്ട്ലി ആകുമെന്നാണ് ആപ്പിനെ കുറിച്ചുള്ള പൊതുവിലെ വിലയിരുത്തൽ.
ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയോടെയാണ് ആപ്പ്. ഊബര്‍, ഒല തുടങ്ങിയവയെ അപേക്ഷിച്ച് കുറഞ്ഞ നിരക്കുകളായിരിക്കും ഈ സേവനത്തിന്. ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാരില്‍ നിന്ന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമാണ് ഈടാക്കുക. ഡ്രൈവര്‍മാരില്‍ നിന്ന് ഒരു കമ്മീഷനും സവാരി ഈടാക്കുന്നതല്ല. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. കാര്‍, കെഎസ്ആര്‍ടിസി, വാട്ടര്‍ മെട്രോ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്ക് ബുക്ക് ചെയ്യാനും ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുംഇതിലുണ്ടാകും.
മെയ് ഒന്ന് മുതല്‍ പുതിയ ആപ്പ് പ്രവര്‍ത്തനക്ഷമമാകുമെങ്കിലും ഔദ്യോഗികമായി പിന്നീട് ലോഞ്ച് ചെയ്യാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും സേവനങ്ങള്‍ ലഭ്യമാകും. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കാണ് വാടകയായി യാത്രക്കാര്‍ നല്‍കേണ്ടത്. ഓരോ റൈഡുകളും നിരീക്ഷണത്തിലാണ്. പരാതികള്‍ ആപ്പുവഴി രജിസ്റ്റര്‍ ചെയ്യാം. സുരക്ഷയിലും വിട്ടുവീഴ്ചയുണ്ടാവില്ല. ബസ് സ്റ്റാന്‍ഡ്, റെയില്‍വേസ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രീപെയ്ഡ് കൗണ്ടറിലെ വാഹനങ്ങളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിക്കും.
ഇവ സ്‌കാന്‍ ചെയ്ത് വേണ്ട വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാവുന്നതാണ്. ഡല്‍ഹി , കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കേരള സവാരി ഉപയോഗിച്ച് റൈഡ് ബുക്ക് ചെയ്യാനാകും. 2022 ല്‍ കേരളസവാരി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചുവെങ്കിലും സോഫ്റ്റ് വെയര്‍ തകരാറുകള്‍ ഉള്‍പ്പടെ വിവിധ കാരണങ്ങളാല്‍ സേവനം തടസപ്പെടുന്ന അവസ്ഥയായിരുന്നു.
content highlight: Kerala Savari App