അടിവയറ്റിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് മിക്കവരുടേയും പ്രധാന പ്രശ്നമാണ്.വ്യായാമത്തിന്‍റെ അഭാവം, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവയെല്ലാം വയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടാനുള്ള കാരണങ്ങളാണ്.ശരീരഭാരം വർധിക്കുമെന്നത് കൂടാതെ കരൾ, ആമാശയം, കുടൽ തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിച്ചേക്കും. ചിട്ടയായ ഭക്ഷണശീലം, കൃത്യമായ വ്യായാമം എന്നിവയിലൂടെ മാത്രമേ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനാകൂ.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില വിത്തുകൾ ഏതൊക്കെയെന്ന് നോക്കാം.
ചിയ സീഡ്‌സ്
നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്‌സ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തോടുള്ള ആസക്തി ഇല്ലാതാക്കാനും ഇത് സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് കാര്യക്ഷമമായി കത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഫ്ലാക്‌സ് സീഡ്‌സ്
ഒമേഗ-3 ഫാറ്റി ആസിഡുകൾ, നാരുകൾ, സസ്യ പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് ഫ്ലാക്‌സ് സീഡ്‌സ് അഥവാ ചണവിത്തുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ്, വിശപ്പ് എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഇതിലൂടെ അടിവയറ്റിലെ കൊഴുപ്പും മൊത്തത്തിലുള്ള ശരീരഭാരവും കുറയ്ക്കാനാകും. അതിനാൽ ഡയറ്റിൽ പതിവായി ഫ്ലാക്‌സ് സീഡുകൾ ഉൾപ്പെടുത്താം.
ഉലുവ വിത്തുകൾ
ലയിക്കുന്ന നാരുകൾ ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സംതൃപ്‌തി വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ സ്വാഭാവിക കൊഴുപ്പിന്‍റെ ഉപഭോഗം കുറയ്ക്കാൻ ഉലുവയുടെ സത്ത് സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
സബ്‌ജ സീഡ്‌സ്
സബ്‌ജ സീഡ്‌സിൽ കാർബോഹൈഡ്രേറ്റുകൾ കുറവും പ്രോട്ടീൻ കൂടുതലും അടങ്ങിയിട്ടുണ്ട്. ഫൈബർ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്‌ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. അതിനാൽ മൊത്തത്തിലുള്ള ശരീരഭാരം, അടിവയർ എന്നിവ കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ മികച്ചൊരു തെരഞ്ഞെടുപ്പാണിത്.
മത്തങ്ങാ വിത്തുകൾ
മഗ്നീഷ്യം, ചെമ്പ്, പ്രോട്ടീൻ, സിങ്ക്, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ ഒരു കലവറയാണ് മത്തങ്ങാ വിത്തുകൾ. അവശ്യ ഫാറ്റി ആസിഡുകളും ഇതിൽ ധാരാളമുണ്ട്. നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കാനും ഭക്ഷണത്തിനോടുള്ള ആസക്തി കുറയ്ക്കാനും മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് ഫലപ്രദമാണ്. ഇത് ശരീരഭാരം, അടിവയറ്റിലെ കൊഴുപ്പ് എന്നിവ കുറയ്ക്കാൻ വളരെയധികം സഹായിക്കും.