ഇപ്പോൾ മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിൽ കൂടി കരൾരോഗങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം ‘ഫാറ്റി ലിവർ’ ശ്രദ്ധിക്കാതിരിക്കുകയും ശരിയായ രീതിയിൽ ചികിത്സ കൈകാര്യം ചെയ്യാതിരിക്കുകയുമാണെങ്കിൽ ഭാവിയിൽ പല രോഗങ്ങളും ഉണ്ടാകുന്നതിന് കാരണമാകാവുന്നതാണ്.
ഇതിന് പ്രധാന കാരണമായി മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരവും ശരീരം അനങ്ങാതെയുള്ള ജീവിതരീതിയും ആണെന്നാണ്.പൊണ്ണത്തടിയുള്ള കുട്ടികളിൽ ഒൻപത് വയസിനും പന്ത്രണ്ട് വയസിനും ഇടയ്ക്ക് പ്രായമുള്ളവരിൽ പലരിലും ഫാറ്റി ലിവർ കാണുകയുണ്ടായി എന്ന് കേൾക്കുമ്പോൾ അതിന്റെ ഗൗരവം മനസിലാക്കാൻ കഴിയും. ഫാറ്റി ലിവർ ഉള്ള എല്ലാ കുട്ടികളും പൊണ്ണത്തടി ഉള്ളവർ ആകണമെന്നില്ല. എന്നാൽ, ബഹുഭൂരിപക്ഷവും പൊണ്ണത്തടി ഉള്ളവർ ആയിരിക്കും.
പൊണ്ണത്തടി ഉള്ള കുട്ടികൾ നല്ല ക്ഷീണം അനുഭവപ്പെടുന്നതായി പറയുകയോ വയറിന്റെ മുകളിൽ വലത് ഭാഗത്ത് വേദന തോന്നുന്നതായി പറയുകയോ ചെയ്യുമ്പോൾ ഏറ്റവും അടുത്തുള്ള ഡോക്ടറെ പോയി കാണുന്നത് നല്ലതാണ്. പരിശോധനകളിൽ എന്തെങ്കിലും പ്രശ്നങ്ങൾ കാണുകയാണ് എങ്കിൽ എത്രയും നേരത്തേ ചികിത്സ ആരംഭിക്കുകയുംവേണം.