വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ കാസർഗോഡ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ ഉത്തരവ്. ചെമ്മനാട് പഞ്ചായത്തിലെ വളപ്പോത്ത് താനം പുരക്കൽ വീട്ടിൽ പ്രേമയുടെയും സുകുമാരന്റെയും മകൻ അഭിജിത്തിനാണ് (17) നഷ്ടപരിഹാരം വിധിച്ചത്.
അമ്മ പ്രേമ നൽകിയ പരാതിയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയായ റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.
അതേസമയം ഒരു മാസത്തിനകം തുക ഹർജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജഡ്ജി കെ. സന്തോഷ് കുമാറിൻ്റെ ആണ് ഉത്തരവ്. 2022 ഏപ്രിൽ 27-നായിരുന്നു അപകടം ഉണ്ടായത്.
ചെമ്മനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഭിജിത്ത് രാവിലെ സ്‌കൂളിലേക്ക് നടന്ന് പോകവേ പരവനടുക്കം റേഷൻ കടയ്ക്കടുത്തുവെച്ച് പിറകിൽ നിന്ന് അമിതവേഗത്തിലെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
തലച്ചോറിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ കുട്ടിയെ മംഗളൂരുവിലെയും വയനാട്ടിലെയും ആശുപത്രികളിൽ പത്ത് മാസത്തോളം ചികിത്സിച്ചെങ്കിലും ഇപ്പോഴും കിടപ്പിലാണ്. ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ ഇ. ലോഹിതാക്ഷൻ, രൂപാ ആനന്ദ് എന്നിവർ ഹാജരായി.