വേടൻ എന്ന റാപ്പർ ഹരിൺദാസ് മുരളിക്കെതിരായ പുലിപ്പല്ല് കേസ് ഇപ്പോൾ വനം വകുപ്പിനും വനം മന്ത്രിയ്ക്കും തന്നെ തലവേദന ആയിരിക്കുകയാണ്. വേടന്റെ കേസിൽ വകുപ്പിന് ഉണ്ടായ അമിതാവേശവും എടുത്തുചാട്ടവും ആദ്യമേ തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇതിന് മുമ്പേയും സെലിബ്രിറ്റികൾ ഇത്തരം കേസുകളിൽ പെട്ടിട്ടുണ്ട്. എന്നാൽ അന്നൊന്നും കാണിക്കാത്ത അവേസം വേടന്റെ കാര്യത്തിൽ കാണിച്ചത് വേടന്റെ ദളിത് രാഷ്ട്രീയം കൊണ്ടാണെന്ന് പോലും സംസാരമുണ്ടായി. മോഹൻലാലിന്റെ ആനക്കൊമ്പ് കേസിലും എന്തിനേറെ സുരേഷ്ഗോപിയുടെ സമാനമായ കേസിലും മെല്ലെപോക്ക് നയമാണ് ഇതേ വനം വകുപ്പിന് ഉണ്ടായത്.
പക്ഷെ വനം വകുപ്പിന് നേരെ ആരോപണം ഉയർന്നപ്പോൾ എകെ ശശീന്ദ്രനായിരുന്നു പ്രതിരോധം തീർത്തത്. വേടന്റെ അറസ്റ്റിൽ മന്ത്രിയുടെ ആദ്യപ്രതികരണങ്ങൾ വകുപ്പിന് പിന്തുണയായിരുന്നു. അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് മന്ത്രി ആദ്യം സ്വീകരിച്ചിരുന്നത്. മാത്രമല്ല ഉന്നതരുടെ അനുമതി വാങ്ങിയാണ് വേടനെ അറസ്റ്റ് ചെയ്തതും…
എന്നാലിപ്പോൾ വിമർശന ശരങ്ങൾ ഒന്നിന് പിറകേ ഒന്നായി വന്നപ്പോൾ വനം മന്ത്രി ഉദ്യോഗസ്ഥരെ ഒറ്റി കൊടുത്തിരിക്കുകയാണ്.വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ദൗർഭാഗ്യകരം എന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മാധ്യമങ്ങളോട് ഇന്ന് പറഞ്ഞത്.മാത്രമല്ല പൊതു സമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും മന്ത്രി കൂട്ടിചേർത്തു. എന്നാൽ നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ട്. മന്ത്രിയിൽ നിന്നും ഉണ്ടായ വിമർശനത്തിൽ ഉദ്യോഗസ്ഥർ അമ്പരപ്പിലാണ്.
മന്ത്രിയുടെ ഈ മലക്കം മറിച്ചിലിന് പിന്നീൽ കോടതിയുടെ നിരീക്ഷണവും പാർട്ടിയുടെ അതൃപ്തിയുമാണ്.പെരുമ്പാവൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വേടൻ്റെ ജാമ്യ റിപ്പോര്‍ട്ടില്‍ വനം വകുപ്പിനെതിരെ ആഞ്ഞടിച്ചത്. വേടൻ്റെ കൈയില്‍നിന്ന് ലഭിച്ച പുലിപ്പല്ല് യഥാര്‍ഥ പുലിപ്പല്ല് തന്നെയാണോ എന്ന് സ്ഥിരീകരിക്കാതെ കസ്‌റ്റഡിയിലെടുത്തത് അകാരണമാണെന്നും പെരുമ്പാവൂര്‍ സിജെഎം കോടതി വിമര്‍ശനമുന്നയിച്ചു.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന സംഗീതപരിപാടിക്കിടെ ആരാധകനായ രഞ്ജിത് കുമ്പിടിയെന്ന ആള്‍ തനിക്ക് സമ്മാനിച്ചതാണ് പുലിപ്പല്ലെന്ന് വേടന്‍ വനം വകുപ്പിന് മൊഴി നല്‍കിയിരുന്നത്. എന്നാൽ രഞ്ജിത് കുമ്പിടിയെ ഇതുവരെ വനം വകുപ്പ് കണ്ടെത്തിയിട്ടില്ല. പുലിപ്പല്ലെന്ന് സ്ഥിരീകരിക്കാതെ ഒരു ദിവസം കസ്‌റ്റഡിയില്‍ വെച്ചുവെന്നതും ജാമ്യ റിപ്പോര്‍ട്ടില്‍ കോടതി ചൂണ്ടിക്കാട്ടി.
കോടതി മാത്രമല്ല സിപിഎമ്മും വനം വകുപ്പിനെതിരെ വിമർശനം ഉയർത്തിയിരുന്നു. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് വേടന്‍ പറഞ്ഞതാണ്. ഈ സാഹചര്യത്തിൽ വനംവകുപ്പ് നടപടികള്‍ പരിശോധിക്കേണ്ടതാണെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് മന്ത്രി തട ഊരിയത്. നേരത്തെ തന്നെ വനം മന്ത്രിക്ക് നേരെ പാർട്ടിയിലും പുറത്തുമായി ആരോപണം ഉയരുന്നുണ്ട്. കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൽ വർദ്ധിക്കുന്നതിനെ ചൊല്ലിയും സുരക്ഷ നടപടികൾ വൈകുന്നതിനെ ചൊല്ലിയും ആക്ഷേപവുമുണ്ട്. അതിന്റെ കൂടെ വേടന്റെ കേസും വന്നാൽ തന്റെ മന്ത്രി കസേര ഇളകുമമോയെന്ന ഭയത്താലാണോ ഈ നടപടി എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ നിന്ന് കയ്യടി ലഭിക്കുന്നതിന് വേണ്ടി മന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കാൻ ശ്രമിക്കുന്നു എന്നും ആക്ഷേപമുയരുന്നുണ്ട്. സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണ് മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നാണ് വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിമർശനം. ഏതായാലും വേടനെതിരെയുള്ള കേസിൽ തൽക്കാലം തുടരന്വേഷണം ഉണ്ടാകില്ലന്നും സൂചനയുണ്ട്.