Kerala

വിഴിഞ്ഞം: എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കിൽ പദ്ധതി ഇല്ല, വേദിയിലേക്ക് ക്ഷണമില്ല, പക്ഷേ ഉദ്ഘാടന ചടങ്ങില്‍ കാണികള്‍ക്കിടയില്‍ ഞാനുണ്ടാകും: എം വി ഗോവിന്ദന്‍

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കരുത് എന്ന് ഒരിക്കലും സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. വിഴിഞ്ഞം പദ്ധതി അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടവരാണ് പ്രതിപക്ഷം. കലാപമുണ്ടാക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിച്ചതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.

കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ് എന്ന് കരുതി എന്നെ ക്ഷണിക്കണ്ടേ എന്നും അങ്ങനെ പറയാന്‍ പാടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അവരുടെ പദ്ധതിയാണ് ഇത് എന്ന് എങ്ങനെയാണ് അവര്‍ പറയുന്നതെന്ന് ചോദിച്ച ഗോവിന്ദന്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതി ആലോചിക്കുന്നതെന്നും വ്യക്തമാക്കി.

ചടങ്ങിലെക്ക് കേന്ദ്രം എന്നെ ക്ഷണിച്ചിട്ടില്ല. പക്ഷേ ഞാന്‍ പോകും. എവിടെപ്പോയി ഇരുന്ന് പങ്കെടുക്കാന്‍ സാധിച്ചാലും ഞാന്‍ ആ പരിപാടിയില്‍ അങ്ങനെ പങ്കെടുക്കും. കാരണം ഇത് നമ്മുടെ നാടിന്റെ പദ്ധതിയാണ്. എല്‍ഡിഎഫിന്റെ ഉറച്ച നിലപാട് ഇല്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി നടക്കില്ലായിരുന്നു എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഒരു പ്രതിപക്ഷവും ചെയ്യാത്തതാണ് ഇവിടുത്തെ പ്രതിപക്ഷം ചെയ്തത്. ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ല എന്ന് പറയുന്ന പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വേടൻ വിഷയത്തിൽ പ്രതികരിച്ച് എം വി ​ഗോവിന്ദ​ൻ

എന്തിനാണ് വേടനെ അറസ്റ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് എം വി ​ഗോവിന്ദ​ൻ ആവശ്യപ്പെട്ടു. അതിൽ ഞങ്ങൾക്ക് ഒരുതരത്തിലെ തർക്കവുമില്ല. ആ ചെറുപ്പക്കാരന്റെ കലാവാസനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എനിക്ക് തെറ്റുപറ്റി എന്നത് വേടൻ പറഞ്ഞു. ചെറിയ അളവാണ് കഞ്ചാവ് ഉണ്ടായിരുന്നത്. അതിൽ കൃത്യമായ നടപടിയെടുത്തു. വേടൻ പ്രത്യേക ഒരു ശൈലിക്ക് ഉടമയെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പുലിനഖവുമായി ബന്ധപ്പെട്ട എന്താണ് വസ്തുത എന്നത് വേടൻ പറഞ്ഞിട്ടുണ്ട്. വേടന് ഒപ്പമാണ് എന്ന് വനം മന്ത്രിയും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി കൃത്യമായ നിലപാട് കേസിൽ സ്വീകരിച്ചു. ആ ചെറുപ്പക്കാരനോട് സ്വീകരിച്ച നിലപാട് ശരിയായിരുന്നില്ല. ആരാണ് തെറ്റ് ചെയ്തത് എന്നത് പരിശോധിക്കപ്പെടണമെന്ന് എം വി ​ഗോവിന്ദൻ പറഞ്ഞു.