World

പാക്കിസ്ഥാൻ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും ഇന്ത്യയുടെ ആ തിരുമാനം: അയൽരാജ്യം കടുത്ത പ്രതിസന്ധിയിൽ

കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുകയാണ് അയല്‍ രാജ്യമായ പാകിസ്താന്‍. പിടിച്ചു നില്‍ക്കുന്നതു ആഗോള ഏജന്‍സികളുടെ കനിവിലാണ്. എന്നാൽ പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പ്രതികാര നടപടിയായി ഇന്ത്യ പാക്ക് സമ്പദ് വ്യവസ്ഥയ്ക്ക് ആപ്പ് വെക്കാനൊരുങ്ങുകയാണ്.രാജ്യാന്തര നാണയ നിധിയില്‍ (ഐഎംഎഫ്) പാകിസ്താന്‍ പ്രതീക്ഷിച്ചിരിക്കുന്ന 1.3 ബില്യണ്‍ ഡോളറിന്റെ വായ്പയെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ എതിര്‍ത്തേക്കുമെന്ന് റിപ്പോർട്ട്. വായ്പ പാകിസ്താന്‍ പോലുള്ള രാജ്യം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വരെ വിനിയോഗിച്ചേക്കുമെന്ന് ഐഎംഎഫിനെ ധരിപ്പിക്കാനാണ് ശ്രമം.

പാകിസ്താന് കാലാവസ്ഥാ പ്രതിരോധ വായ്പാ പദ്ധതി പ്രകാരം 1.3 ബില്യണ്‍ ഡോളറിന്റെ വായ്പ നല്‍കാനുള്ള ചര്‍ച്ച ഈ മാസം 9 നാണ് ഐഎംഎഫ് നിശ്ചയിച്ചിരിക്കുന്നത്. നയപരമായ നാഴികക്കല്ലുകളിലെ പുരോഗതി ഉള്‍പ്പെടെ, നിലവിലുള്ള 7 ബില്യണ്‍ ഡോളറിന്റെ ബെയ്ല്‍ഔട്ട് പാക്കേജിന്റെ അവലോകനവും ഇതേ യോഗം ചര്‍ച്ച ചെയ്യും.

 

പാകിസ്താന്റെ അസ്ഥിരമായ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകുന്നതിനായി ഐഎംഎഫ് പ്രഖ്യാപിച്ച ബെയ്ല്‍ഔട്ട് പാക്കേജ് വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ നേരത്തെ വിട്ടുനിന്നിരുന്നു. എന്നാല്‍ ഇത്തവണ ഫണ്ടുകളുടെ ദുരുപയോഗവും, സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി പാകിസ്താനെതിരേ ഇന്ത്യ വോട്ട് ചെയ്‌തേക്കുമെന്നാണ് സൂചന. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ അയല്‍രാജ്യവുമായുള്ള സിന്ധു ജല ഉടമ്പടി ഇന്ത്യ റദ്ദാക്കിയിരുന്നു.

പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങളെ പറ്റിയും, പഹല്‍ഗാം ആക്രമണത്തിലെ പങ്കിനെ പറ്റിയും മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്തുന്ന തിരക്കിലാണ് നിലവില്‍ ഇന്ത്യ. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഏഴ് സ്ഥിരാംഗമല്ലാത്ത അംഗരാജ്യങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു.

2024 ജൂലൈയിലാണ് ഐഎംഎഫും പാകിസ്ഥാനും തമ്മില്‍ വിപുലീകൃത ഫണ്ട് സൗകര്യത്തിന് കീഴില്‍ 7 ബില്യണ്‍ ഡോളറിന്റെ പാക്കേജ് ഒപ്പിട്ടത്. മാക്രോ ഇക്കണോമിക് സ്ഥിരത ശക്തിപ്പെടുത്തുന്നതിനും, ആഴത്തിലുള്ള ഘടനാപരമായ വെല്ലുവിളികളെ നേരിടുന്നതിനും, ശക്തവും, കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും, സ്ഥിരതയുള്ളതുമായ വളര്‍ച്ചയ്ക്ക് സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും പാകിസ്ഥാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന വ്യവസ്ഥയില്‍ ആയിരുന്നു ഈ കരാര്‍.