തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്. രാവിലെ 10.15 ന് പ്രധാനമന്ത്രി രാജ്ഭവനില്‍ നിന്ന് ഇറങ്ങും. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ എത്തുന്ന പ്രധാനമന്ത്രി 10.25 ന് അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തേക്ക് തിരിക്കും.
ഹെലികോപ്റ്റര്‍ മാര്‍ഗം വിഴിഞ്ഞത്തെത്തുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി എംഎസ്സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റിനോ മരസ്കായെ ബര്‍ത്തിലെത്തി സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുന്ന മോദി 11 മണിക്ക് പൊതു സമ്മേളനവേദിയിലെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന മന്ത്രിമാരായ വിഎന്‍ വാസവന്‍, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ഗൌതം അദാനി, കരണ്‍ അദാനി ഉല്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
ക്ഷണം ഉണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചടങ്ങില്‍ പങ്കെടുക്കില്ല. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തും. രാവിലെ ഏഴ് മുതല്‍ 9.30വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പ്രവേശനം പൊതുജനങ്ങളെ കടത്തിവിടും. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹന വ്യൂഹം മാത്രമേ കടത്തിവിടൂ.
പൊതു ജനത്തിന് രാവിലെ 7 മണി മുതല്‍ 9.30 വരെ പ്രവേശനം ലഭിക്കും. രാവിലെ 6 മുതല്‍ ഉച്ചക്ക് 2 മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ട്. കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12.30ക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാവും. ശേഷം പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലേക്ക് മടങ്ങും.