Kerala

‘ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം’; എം വിൻസെന്റ് എംഎൽഎ | ‘Vizhinjam is the result of Ummman Chandy’s hard work’; M Vincent MLA

പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് എം വിൻസെന്റ് എംഎൽഎ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പായി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കോവളം എംഎൽഎയായ വിൻസെന്റ്. സർക്കാർ ഉത്തരവാദിത്തം കാട്ടിയില്ല. തുറമുഖം അഞ്ച് വർഷം വൈകി. ഉമ്മൻചാണ്ടി വാചാരിച്ചതുകൊണ്ടാണ് വിഴിഞ്ഞം യാഥാർത്ഥ്യമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റോഡ്-റെയിൽ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതെ അവഹേളിച്ചുവെന്നും എം വിൻസെൻ്റ് ആരോപിച്ചു.

അതെ സമയം വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റിനെചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് കോവളം എംഎൽഎ എം വിന്‍സെന്‍റ്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ഇന്ന് നടക്കാനിരിക്കെയാണ് അതിന് മുന്നോടിയായി എംഎൽഎ കോട്ടയം പുതുപ്പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശച്ചത്. പുലര്‍ച്ച സ്ഥലത്തെത്തിയ എംഎൽഎ കല്ലറയിൽ പുഷ്പാര്‍ച്ചന നടത്തി.

ഉമ്മൻചാണ്ടിക്ക് പ്രണാമം അര്‍പ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിന്‍സെന്‍റ് പറഞ്ഞു. വികസനകാര്യത്തിൽ രാഷ്ട്രീയം കണ്ട് അത് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു.