Food

ഉച്ചയ്ക്ക് ഊണിന് നല്ല മീൻ മുളകിട്ടിത് ആയാലോ? | Fish Mulakittathu Recipe

ഉച്ചയ്ക്ക് ഊണിന് നല്ല മീൻ മുളകിട്ടത് ആയാലോ? ചോറിന്റെ കൂടെയും കപ്പയുടെ കൂടെയുമെല്ലാം കഴിക്കാവുന്ന ഒരു കിടിലൻ മീൻ മുളകിട്ടത്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മത്തി – കഴുകി വൃത്തിയാക്കിയത് ഒരു കിലോ
  • മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
  • ഉലുവപ്പൊടി – ഒരു പിഞ്ച്
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ഉള്ളി – ഒരു പിടി അളവിൽ ക്രഷ് ചെയ്തെടുത്തത്
  • ഇഞ്ചി, വെളുത്തുള്ളി – ഒരു പിടി അളവിൽ ചതച്ചെടുത്തത്
  • കറിവേപ്പില – രണ്ട് തണ്ട്
  • പച്ചമുളക് – രണ്ടെണ്ണം
  • കുടംപുളി – രണ്ടു മുതൽ മൂന്നെണ്ണം വരെ
  • തക്കാളി – ഒരെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. ഈയൊരു സമയത്ത് തന്നെ കുറച്ച് കറിവേപ്പില കൂടി ആവശ്യാനുസരണം ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും എണ്ണയിൽ കിടന്ന് നല്ലതുപോലെ മിക്സ് ആയി തുടങ്ങുമ്പോൾ അതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. ഉലുവ പൊടിച്ചതോ അല്ലെങ്കിൽ രണ്ടോ മൂന്നോ മണികൾ എടുത്ത് ചതച്ചോ ഇട്ടു കൊടുക്കാവുന്നതാണ്.

അതോടൊപ്പം തന്നെ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. പിന്നീട് ചെറുതായി അരിഞ്ഞു വെച്ച തക്കാളി കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം മസാലക്കൂട്ട് കുറച്ചുനേരം അടച്ചുവെച്ച് വേവിക്കണം. എന്നാൽ മാത്രമാണ് തക്കാളി നല്ലതുപോലെ വെന്തുടഞ്ഞ് സെറ്റായി കിട്ടുകയുള്ളൂ. ശേഷം പച്ചമുളക് കീറിയതും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് ഒന്ന് ചൂടാക്കിയ ശേഷം പുളിവെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. പുളിവെള്ളം തിളച്ച് തുടങ്ങുമ്പോൾ കറിയിലേക്ക് ആവശ്യമായ വെള്ളം കൂടി ചേർത്തു കൊടുക്കാം.

മസാലക്കൂട്ട് വെള്ളത്തിനോടൊപ്പം ചേർന്ന് നല്ലതുപോലെ മിക്സ് ആയി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോഴാണ് മീൻ ചേർത്ത് കൊടുക്കേണ്ടത്. കറിയിലേക്ക് മത്തി ചേർത്തു കൊടുക്കുന്നതിനു മുൻപായി നല്ലതുപോലെ വരഞ്ഞു വേണം ഇട്ടുകൊടുക്കാൻ. എന്നാൽ മാത്രമേ പുളി അതിലേക്ക് നല്ല രീതിയിൽ ഇറങ്ങി പിടിക്കുകയുള്ളൂ. മീൻ ഇട്ടശേഷം മീഡിയം ഫ്ലെയിമിൽ കറി നല്ലതുപോലെ തിളപ്പിക്കണം. മീൻ വെന്ത് തുടങ്ങി കഴിഞ്ഞാൽ ഫ്ലെയിം കുറച്ച് വേണം വെക്കാൻ. അതുപോലെ സ്റ്റൗ ഓഫ് ചെയ്തു കഴിഞ്ഞാലും കുറച്ചുനേരം അതേ രീതിയിൽ തന്നെ പാത്രം അടച്ചു വയ്ക്കാനായി ശ്രദ്ധിക്കുക. ഈയൊരു സമയത്ത് കറിവേപ്പില ഇട്ടു കൊടുക്കുകയാണെങ്കിൽ കറിക്ക് നല്ല രീതിയിൽ രുചി ലഭിക്കുന്നതാണ്.

ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഗ്രേവിയുടെ കൺസിസ്റ്റൻസി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ചൂട് കപ്പ, ചോറ് എന്നിവയോടൊപ്പം രുചികരമായി വിളമ്പാവുന്ന ഒരു മത്തി മുളകിട്ടതിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കിയത്. തീർച്ചയായും ഒരിക്കലെങ്കിലും ഈ ഒരു രീതിയിൽ മത്തി മുളകിട്ടത് തയ്യാറാക്കി നോക്കുകയാണെങ്കിൽ കറിയുടെ രുചി എന്താണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതുപോലെ ഇത്തരം കറികൾ തയ്യാറാക്കുമ്പോൾ മണ്ണിന്റെ ചട്ടിയിലാണ് തയ്യാറാക്കുന്നത് എങ്കിൽ നല്ല രുചി ലഭിക്കുന്നതാണ്.