വാഷിങ്ടൻ: യുഎസിൽ മൈക്ക് വാൾട്സിനെ നീക്കി പകരം മാർക്കോ റൂബിയോയെ ‘ഇടക്കാല’ ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകനു സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്നു കിട്ടിയം വിവരം പുറത്തുവന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെ വാൾട്സിനെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ യുഎസ് അംബാസഡറായാണ് വാൾട്സിന്റെ പുതിയ ചുമതല.
അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോങിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യെമൻ ആക്രമണവുമായി ബന്ധപ്പെട്ടുള്ള സിഗ്നൽ ചാറ്റിൽ മാധ്യമപ്രവർത്തകനെ തെറ്റായി ഉൾപ്പെടുത്തിയത് മൈക്ക് വാൾട്ട്സ് ആയിരുന്നു. യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മൈക്ക് വാൾട്സിന്റെ കുറ്റസമ്മതം. യെമനിലെ വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള യുഎസിന്റെ സൈനിക നടപടികൾ മാധ്യമപ്രവർത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോർന്ന് കിട്ടിയ വിവരം പുറത്തുവന്നതോടെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മൈക്ക് വാൾട്ട്സ് ഏറ്റെടുത്തിരുന്നു.