ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമാണോ? എങ്കിൽ ഇനി നല്ല പഞ്ഞിപോലുള്ള ഉണ്ണിയപ്പം വീട്ടിൽ തയ്യാറാക്കി നോക്കിയാലോ? അതും വളരെ എളുപ്പത്തിൽ തന്നെ..
ആവശ്യമായ ചേരുവകൾ
- പച്ചരി – മൂന്ന് കപ്പ്
- ശർക്കര – 350 ഗ്രാം
- പഴം – രണ്ടെണ്ണം
- റവ – ഒരു ടീസ്പൂൺ
- ഗോതമ്പ് പൊടി – ഒരു ടീസ്പൂൺ
- ഉപ്പ് – ഒരു പിഞ്ച്
- കറുത്ത എള്ള് – ഒരു ടീസ്പൂൺ
- തേങ്ങാക്കൊത്ത് – ഒരു പിടി
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
അരി അരച്ചെടുക്കേണ്ടതുണ്ട്. അതിനായി പച്ചരിയെടുത്ത് നല്ലതുപോലെ കഴുകി മൂന്ന് മണിക്കൂർ നേരമെങ്കിലും കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കുക. അരി വെള്ളത്തിൽ കിടന്ന് നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ അരയ്ക്കാനുള്ള കാര്യങ്ങൾ ചെയ്തെടുക്കാം. ശർക്കരപ്പാനി ചേർത്ത് കൊണ്ടാണ് അരി അരച്ചെടുക്കേണ്ടത്. അതുകൊണ്ടു തന്നെ ശർക്കരപ്പാനി തയ്യാറാക്കാനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളമൊഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ശർക്കര കട്ടകൾ ഇട്ടുകൊടുക്കുക. പാനി നല്ലതുപോലെ തിളച്ച് കട്ടിയായി തുടങ്ങുമ്പോൾ ഓഫ് ചെയ്ത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം രണ്ടോ മൂന്നോ ബാച്ചുകൾ ആയാണ് അരി അരച്ചെടുക്കേണ്ടത്.
അതല്ലെങ്കിൽ അരി ശരിയായ രീതിയിൽ അരയാതെ ഇരിക്കുകയും അത് അപ്പം ഉണ്ടാക്കുമ്പോൾ ടേസ്റ്റ് കുറയുന്നതിന് കാരണമാവുകയും ചെയ്യും. തയ്യാറാക്കിവെച്ച ശർക്കരപ്പാനിയിൽ നിന്നും പകുതി അളവിൽ എടുത്താണ് ഓരോ തവണയും അരി അരച്ചെടുക്കേണ്ടത്. ഈയൊരു രീതിയിൽ അരി മുഴുവനായും അരച്ചെടുത്തു കഴിഞ്ഞാൽ കുറച്ച് ശർക്കരപ്പാനിയും പഴവും അതേ ജാറിൽ ഇട്ട് അടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് ഒരു സ്പൂൺ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കുക. മാവിൽ എടുത്തു വച്ച് ഗോതമ്പ് പൊടിയും റവയും കൂടി ചേർത്ത് വേണം മിക്സ് ചെയ്ത് എടുക്കാൻ. ഗോതമ്പുപൊടി ചേർക്കുമ്പോഴാണ് അപ്പം കൂടുതൽ സോഫ്റ്റ് ആയി കിട്ടുന്നത്. ഈയൊരു സമയത്ത് ഒരു പിഞ്ച് ഉപ്പു കൂടി മാവിലേക്ക് ചേർത്തു കൊടുക്കാം.
ശർക്കരപ്പാനി ബാക്കിയുണ്ടെങ്കിൽ അത് അവസാനത്തേക്കായി മാറ്റി വയ്ക്കാവുന്നതാണ്. മധുരം കുറവാണ് എങ്കിൽ മാത്രം ഈ ഒരു പാനി പിന്നീട് ഉപയോഗപ്പെടുത്തിയാൽ മതിയാകും. മാവ് തയ്യാറാക്കി കഴിഞ്ഞാൽ അടുത്തതായി അത് ഫെർമെന്റ് ചെയ്യാനായി കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും വയ്ക്കണം. മാവ് നല്ലതുപോലെ ഫെർമെന്റ് ആയി വന്നു കഴിഞ്ഞാൽ അപ്പം ഉണ്ടാക്കാനുള്ള മറ്റു കാര്യങ്ങൾ ചെയ്തെടുക്കാം. അതിനുമുൻപായി അപ്പത്തിലേക്ക് ചേർക്കാനുള്ള തേങ്ങാക്കൊത്തും, കറുത്ത എള്ളും വറുത്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണയിലേക്ക് തേങ്ങാക്കൊത്ത് ഇട്ട് നല്ലതുപോലെ ക്രിസ്പാക്കി വറുത്തെടുക്കുക. ഈയൊരു കൂട്ടുകൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു സ്പൂൺ എടുത്ത് ആവശ്യത്തിനുള്ള മാവ് ഒഴിച്ചു കൊടുക്കാവുന്നതാണ്. അപ്പത്തിന്റെ രണ്ടു ഭാഗവും മറിച്ചിട്ട് നല്ലതുപോലെ വേവിച്ചെടുക്കണം. ആവശ്യമെങ്കിൽ മറ്റൊരു പാത്രത്തിൽ കുറച്ചുകൂടി എണ്ണ ചൂടാക്കി അതിലിട്ട് അപ്പം ഒന്നുകൂടി ക്രിസ്പ്പാക്കി എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ സോഫ്റ്റ് ആയ ഉണ്ണിയപ്പം റെഡിയായി കഴിഞ്ഞു. നല്ല ചൂടോടുകൂടി തന്നെ അപ്പം സെർവ് ചെയ്യുമ്പോഴാണ് കൂടുതൽ രുചി ലഭിക്കുക.