India

ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം: ദക്ഷിണ കന്നടയിൽ സംഘപരിവാർ ബന്ദ്

ബെംഗളൂരു: മം​ഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകൻ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദക്ഷിണ കന്നടയിൽ ഇന്ന് സംഘപരിവാർ ബന്ദ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബജ്‌റംഗ്ദൾ പ്രവർത്തകൻ്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ മെയ് 6 ന് രാവിലെ 6 വരെയാണ് നിരോധനാജ്ഞ.

നിരവധി കൊലപാതക കേസുകളിലെ പ്രതിയും ബജ്‌രംഗദളുകാരനുമായ സുഹാസ് ഷെട്ടിയാണ് കൊല്ലപ്പെട്ടത്. ബജ്ജെ കിന്നിപടവിലെ റോഡരികിൽ നാട്ടുകാർ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം. കാറിലും പിക് അപ്പ് വാനിലുമായി എത്തിയ ആറോളം അക്രമികളാണ് കൊലപാതകം നടത്തിയത്. 2022ൽ സുറത്കലിൽ തുണിക്കടയിൽ വെച്ച് ഇരുപത്തിമൂന്നുകാരനായ ഫാസിലിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സുഹാസ്. കഴിഞ്ഞവർഷമാണ് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി സുഹാസ് ഉൾപ്പടെ മൂന്ന് പ്രതികൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്.