ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല സൂപ്പർ പഴംപൊരി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- നേന്ത്രപ്പഴം – ഒരു കിലോ
- മൈദ – ഒരു കപ്പ്
- തരിയില്ലാത്ത അരിപ്പൊടി – അരക്കപ്പ്
- ദോശമാവ് – കാൽ കപ്പ്
- പഞ്ചസാര – മധുരത്തിന് ആവശ്യമായത്
- ബേക്കിംഗ് സോഡാ – ഒരു പിഞ്ച്
- മഞ്ഞൾ പൊടി – ഒരു പിഞ്ച്
- എണ്ണ – വറുത്തെടുക്കാൻ ആവശ്യമായത്
- വെള്ളം – ബാറ്റർ തയ്യാറാക്കാൻ ആവശ്യമായ
തയ്യാറാക്കുന്ന വിധം
പഴത്തിന്റെ തൊലിയെല്ലാം കളഞ്ഞ് രണ്ടു മൂന്നു സ്ലൈസുകൾ ആയി കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക എന്നതാണ്. പഴം മുറിച്ചെടുക്കുമ്പോൾ കനം കൂടുതൽ ആവുകയോ കുറയുകയോ ചെയ്യാത്ത രീതിയിലാണ് മുറിച്ചെടുക്കേണ്ടത്. അതല്ലെങ്കിൽ പഴംപൊരിയുടെ ഉൾഭാഗം ശരിയായി കിട്ടില്ല.
അതുപോലെ പഴത്തിലേക്ക് മാവ് പിടിക്കാത്ത അവസ്ഥയും ഉണ്ടാകും. അതിനുശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് പഴംപൊരി വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടാകുന്ന സമയം കൊണ്ട് പഴംപൊരിക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ആദ്യം മൈദയും, പിന്നീട് അരിപ്പൊടിയും, ദോശമാവും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം മഞ്ഞൾപൊടിയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും ബേക്കിംഗ് സോഡയും കൂടി മാവിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം കുറേശ്ശെയായി വെള്ളം മാവിലേക്ക് ഒഴിച്ചു കൊടുത്ത് ഒട്ടും കട്ട പിടിക്കാത്ത രീതിയിൽ സെറ്റ് ചെയ്ത് എടുക്കണം.
കുറച്ച് സമയം ബാറ്റർ വച്ചു കഴിഞ്ഞാൽ അതിലേക്ക് പഞ്ചസാരയും മറ്റു ചേരുവകളും നല്ല രീതിയിൽ ഇറങ്ങി പിടിക്കും. അപ്പോഴേക്കും എണ്ണ പാകമായ ചൂട് ആയിട്ടും ഉണ്ടാകും. എണ്ണ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് പഴംപൊരി ബാറ്ററിൽ നല്ലതുപോലെ മുക്കിയ ശേഷം ഇട്ടു കൊടുക്കാവുന്നതാണ്. ഈയൊരു സമയം ഒന്നോ രണ്ടോ പഴംപൊരി എന്ന രീതിയിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ എളുപ്പത്തിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കാനായി സാധിക്കും. പഴംപൊരിയുടെ രണ്ടുവശവും നല്ലതുപോലെ വെന്ത് ക്രിസ്പ്പായി വന്നു കഴിഞ്ഞാൽ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഈയൊരു രീതിയിൽ മറ്റ് പഴംപൊരികൾ കൂടി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇത്രയും ചെയ്താൽ നല്ല രുചികരമായ പഴംപൊരി റെഡിയായി കഴിഞ്ഞു.