ഈസിയായി നല്ല മൊരിഞ്ഞ പരിപ്പുവട എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? ചായക്കടയിലെ അതെ സ്വാദിൽ തന്നെ പരിപ്പുവട തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കടലപ്പരിപ്പ് – ഒരു കപ്പ്
- ഗ്രീൻപീസ് പരിപ്പ് – ഒരു കപ്പ്
- പെരുംജീരകം – കാൽ ടീസ്പൂൺ
- വെളുത്തുള്ളി – 4 മുതൽ 5 അല്ലി വരെ
- കറിവേപ്പില – ഒരു തണ്ട്
- വലിയ ഉള്ളി – വലുത് ഒരെണ്ണം
- ചെറിയ ഉള്ളി – രണ്ടു മുതൽ മൂന്നെണ്ണം വരെ
- ഉണക്കമുളക് – മൂന്നെണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – എരുവിന് അനുസരിച്ച്
- ഉപ്പ് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉഴുന്നു പരിപ്പും, ഗ്രീൻപീസ് പരിപ്പും നല്ലതുപോലെ കഴുകി കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും കുതിർത്താനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. പരിപ്പുവടയുടെ മാവ് അരയ്ക്കുന്നതിനു മുൻപായി അതിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ ഒന്ന് ക്രഷ് ചെയ്ത് എടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് പെരുംജീരകവും തോലോടുകൂടിയ വെളുത്തുള്ളിയുടെ അല്ലിയും രണ്ടില കറിവേപ്പിലയും ഉണക്കമുളകും ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക.
ശേഷം അതേ മിക്സിയുടെ ജാറിൽ തന്നെ എടുത്തുവച്ച പരിപ്പ് കുറേശ്ശെയായി ഇട്ട് കൃഷ് ചെയ്ത് എടുക്കണം. പരിപ്പ് ഒരു കാരണവശാലും കൂടുതലായി അരഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ പരിപ്പ് അതേപടി കിടക്കുകയാണെങ്കിൽ പരിപ്പുവട ഉണ്ടാക്കുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ പരിപ്പ് കൃഷ് ചെയ്യുമ്പോൾ നല്ല ശ്രദ്ധ നൽകേണ്ടതായുണ്ട്. പരിപ്പ് മുഴുവനായും അരച്ചെടുത്തു കഴിഞ്ഞാൽ നേരത്തെ ക്രഷ് ചെയ്തു വെച്ച പെരുംജീരകത്തിന്റെ കൂട്ടുകൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് തന്നെ ആവശ്യമായ ഉപ്പ് കൂടി അതിലേക്ക് ചേർത്തു കൊടുക്കാം. ശേഷം എടുത്തുവച്ച സവാള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
അതുപോലെ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും വളരെ ചെറിയ രീതിയിൽ വേണം അരിഞ്ഞെടുക്കാൻ. ചെറിയ ഉള്ളിയും കനം കുറച്ചു വേണം അരിയാൻ. ഈയൊരു കൂട്ടുകൂടി ക്രഷ് ചെയ്ത് വച്ച പരിപ്പിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ കുഴയ്ക്കുക. അതായത് കയ്യിൽ പിടിക്കുമ്പോൾ ഒരു കാരണവശാലും പരിപ്പുവട പൊട്ടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതല്ലെങ്കിൽ എണ്ണയിൽ ഇട്ട് ഉടനെ തന്നെ വട പൊട്ടി പോകും. അടുത്തതായി പരിപ്പുവട വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് നല്ലതുപോലെ ചൂടാക്കാനായി വയ്ക്കുക. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ചെറിയതായി വട്ടത്തിൽ പരത്തി വെച്ച പരിപ്പു വടകൾ ഇട്ട് രണ്ടുവശവും നല്ലതുപോലെ ക്രിസ്പിയായി തുടങ്ങുമ്പോൾ എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്.