ഒരുപാട് നാളത്തെ കാത്തിരിപ്പിനാണ് ഇന്ന് ഫലം കാണുന്നത്.. രാജ്യത്തെ ആദ്യത്തെ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കുന്നത്.പ്രത്യേകതകള്‍ പലതാണ് വിഴിഞ്ഞത്തിന്. . സ്വാഭാവിക ആഴം 20 മീറ്ററായത് കൊണ്ട് തന്നെ മദര്‍ഷിപ്പുകള്‍ അടുപ്പിക്കാവുന്ന ഏക മദര്‍പോര്‍ട്ട് ആകുന്നു വിഴിഞ്ഞം. സ്വാഭാവിക ആഴമുള്ള,ഏതു കാലാവസ്ഥയിലും കപ്പല്‍ അടുപ്പിക്കാവുന്ന കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട്. വിഴിഞ്ഞത്തു ഡ്രഡ്ജിങ് ഇല്ലാതെ 20 മീറ്റര്‍ വരെ ആഴം സദാസമയം നിലനിര്‍ത്താനാകും. ഇത്തരം തുറമുഖങ്ങള്‍ അപൂര്‍വമാണ്. കൊളംബോ, സിംഗപ്പൂര്‍, ദുബയ് തുടങ്ങിയ തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത് ഡ്രഡ്ജ് ചെയ്യാതെ തന്നെ ലഭിക്കുന്ന ഈ സ്വാഭാവിക ആഴമാണ്. പദ്ധതി പ്രദേശത്തു മണല്‍ സഞ്ചാരവും കുറവാണ്.ലോകത്തെ തിരക്കേറിയ രണ്ടു കപ്പല്‍ ചാലുകളുമായുള്ള സാമീപ്യമാണ് വിഴിഞ്ഞത്തിന്റെ വാണിജ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ആഗോള ചരക്കു നീക്കത്തിന്റെ 40 ശതമാനവും വിഴിഞ്ഞത്തു നിന്ന് 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ കൂടി. ആഫ്രിക്ക,യൂറോപ്പ്,മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ സിങ്കപ്പൂര്‍,ഹോങ്കോങ്,ചൈന,കൊളംബോ എന്നിവിടങ്ങളിലേക്ക് പോകുന്നത് വിഴിഞ്ഞത്തിനു സമീപത്തെ കപ്പല്‍ ചാലിലൂടെ.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിലെ സൂപ്പര്‍ താരം പുലിമുട്ട് അഥവാ ബ്രേക്ക് വാട്ടറാണ്. അതിസങ്കീര്‍ണമായ വിഴിഞ്ഞത്തെ കൂറ്റന്‍ തിരമാലകളെ നിയന്ത്രിച്ച് വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത്തേക്ക് വഴിയൊരുക്കുന്നു. 100 വര്‍ഷമാണ് പ്രതീക്ഷിക്കുന്ന കാലാവധി. നിലവില്‍ മൂന്നു കിലോമീറ്റര്‍ നീളം.10 മീറ്റര്‍ വീതി. 20 മീറ്റര്‍ ആഴം. അതായത് ഒന്‍പതു നില കെട്ടിടത്തിന്റെ ഉയരം.
ദക്ഷിണേഷ്യയിലെ തന്നെ ആദ്യ സെമി ഓട്ടമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം. കപ്പലില്‍ നിന്നും കണ്ടെയ്‌നര്‍ ഇറക്കാന്‍ 8 ഷിപ് ടു ഷോര്‍ ക്രെയിന്‍. 24 യാര്‍ഡ് ക്രെയിന്‍. ഒന്നാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ബര്‍ത്തിന്റെ നീളം 800 മീറ്റര്‍. അതായത് രണ്ടു മദര്‍ ഷിപ്പുകള്‍ക്ക് ഒരേ സമയം ബെര്‍ത്ത് ചെയ്യാം.
വിഴിഞ്ഞത്തു ഇപ്പോള്‍ നടക്കുന്നത് കപ്പലില്‍ നിന്നു മറ്റൊരു കപ്പലിലേക്ക് ചരക്കു മാറ്റുന്ന ട്രാന്ഷിപ്‌മെന്റ് മാത്രം. കയറ്റുമതിയും ഇറക്കുമതിയും നടക്കണമെങ്കില്‍ റോഡ്,റെയില്‍ പാതകള്‍ സജ്ജമാകണം. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. റെയില്‍പാത നിര്‍മ്മാണം തുടങ്ങിയില്ല. കപ്പലില്‍ എത്തുന്നവര്‍ക്ക് കരയ്ക്കിറങ്ങാന്‍ ഇന്റഗ്രെറ്റഡ് ചെക്ക് പോസ്റ്റ് സജ്ജമാകണം.
തുറമുഖത്തിന്റെ അടുത്ത ഘട്ടം. അതായത് 2,3,4 ഘട്ടങ്ങള്‍ 2028 ഓട് കൂടി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സകല അനുമതിയും ലഭിച്ചു. അത് കൂടി പൂര്‍ത്തിയാകുമ്പോള്‍ ബര്‍ത്തിന്റെ നീളം 2000 മീറ്ററാകും. അതായത് അഞ്ചു മദര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞം തുറമുഖം സജ്ജമാകും.
2034 മുതല്‍ തുറമുഖ വരുമാനത്തില്‍ നിന്നുള്ള വിഹിതം കേരളത്തിന് കിട്ടി തുടങ്ങും. തുറമുഖം കേരളത്തിന് സ്വന്തമാകണമെങ്കില്‍ 60 വര്‍ഷം കാത്തിരിക്കണം. അത്‌കൊണ്ടു തന്നെഅടുത്ത തലമുറയ്ക്ക് നമ്മള്‍ കാത്ത് വെയ്ക്കുന്ന നിധിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.