World

ഇറാന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധ ഭീഷണിയുമായി ട്രംപ്

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ മാറ്റി വച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ എണ്ണയോ പെട്രോളിയം ഉത്പന്നങ്ങളോ വാങ്ങുന്നവര്‍ അത് ഇപ്പോള്‍ തന്നെ അവസാനിപ്പിക്കണമെന്നും ട്രംപ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ഇറാന്‍റെ ഉത്പന്നങ്ങള്‍ വാങ്ങുന്നവരുമായി അമേരിക്കയ്ക്ക് യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു.

അതേസമയം ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാഷ്‌ട്രങ്ങള്‍ക്ക് മേല്‍ എങ്ങനെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന കാര്യം ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇറാന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയ്ക്കാണ് ട്രംപിന്‍റെ ഭീഷണി ഏറ്റവും വലിയ വെല്ലുവിളിയാകുക. അമേരിക്കയുടെ പുത്തന്‍ ചുങ്കനയം കൊണ്ട് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.

ഇറാന്‍റെ അസംസ്‌കൃത എണ്ണയില്‍ 90ശതമാനവും ചൈനയാണ് എടുക്കുന്നതെന്ന് അമേരിക്കന്‍ ഊര്‍ജ്ജ വിവര അഡ്‌മിനിസ്‌ട്രേഷന്‍റെ ടാങ്കര്‍ ട്രാക്കിംഗ് ഡേറ്റ പറയുന്നു. നേരത്തെ അമേരിക്ക ചൈനയ്ക്ക് മേല്‍ 145 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ആഗോള വാണിജ്യം പുനര്‍സന്തുലനമാക്കുന്നതിന്‍റെ ഭാഗമായിരുന്നു ഈ നടപടി.

വരുന്ന വാരാന്ത്യത്തില്‍ നടത്താനിരുന്ന അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചകള്‍ മാറ്റി വച്ചതായി ഒമാന്‍ അറിയിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍അല്‍ ബുസെയ്‌ദിയാണ് ചര്‍ച്ചകള്‍ മാറ്റി വച്ച കാര്യം എക്‌സിലൂടെ അറിയിച്ചത്. ഇരുഭാഗങ്ങളും തമ്മില്‍ ധാരണയിലെത്തിയ ശേഷം പുതിയ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മൂന്ന് വട്ടവും നടന്ന ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിച്ച ബുസെയ്‌ദി കൂടുതല്‍ വിശദീകരണം നടത്തിയിട്ടില്ല.

സാങ്കേതിക പ്രശ്‌നങ്ങളാണ് ചര്‍ച്ചകള്‍ മാറ്റി വയ്ക്കാന്‍ കാരണമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഘ്‌ചി അറിയിച്ചിട്ടുള്ളത്.

Tags: TRUMIRAN