india

പിന്നാക്ക സമുദായങ്ങള്‍ക്ക് പുരോഗതിയില്ലെങ്കില്‍ രാജ്യത്തിനും പുരോഗതിയുണ്ടാവില്ല: കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ഖാര്‍ഗെ

പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സമുദായങ്ങള്‍ക്ക് പുരോഗതിയില്ലെങ്കില്‍ രാജ്യത്തിനും പുരോഗതിയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പിന്നാക്ക സമുദായത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ജാതി സര്‍വേ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരും ബ്യഹത് ബെംഗളൂരു പാലികയും ചേര്‍ന്ന് സംഘടപ്പിച്ച പൗര കാര്‍മിക ദിനാചരണ പരിപാടി അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ.

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്‍റെ ഭരണക്കാലത്ത് ഒരു സാമൂഹിക സാമ്പത്തിക സെന്‍സസ് ആരംഭിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ജാതി സര്‍വേ നടത്തണമെന്ന് രാഹുല്‍ ഗാന്ധിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക സമുദായത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ ജാതി സര്‍വേ നടത്തേണ്ടതുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.

ജാതി സര്‍വേ ആരംഭിച്ച് പൊതു സര്‍വേയുടെ ഭാഗമാക്കി മാറ്റണമെന്നുള്ള ആവശ്യം ഉന്നയിച്ച് 2023ല്‍ താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എൻ്റെ കത്ത് അവഗണിച്ചു. ഞങ്ങളുടെ അപ്പീലുകള്‍ മറന്നു കൊണ്ട് ഇപ്പോള്‍ അവര്‍ ജാതി സര്‍വേ അംഗീകരിച്ചു. ഇപ്പോള്‍ ജാതി സര്‍വേയുടെ ക്രെഡിറ്റ് മോദിക്കും ബിജെപി സര്‍ക്കാരിനും മാത്രമായെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ പരിപാടിയില്‍ വച്ച് കോണ്‍ഗ്രസിൻ്റെ മൂന്ന് ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദ്യമായി ജാതി സര്‍വേ ആരംഭിക്കണം. രണ്ടാമതായി പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സമുദായങ്ങളുടെ ഉന്നതിക്കായി ആര്‍ട്ടിക്കിള്‍ 15 (5) നടപ്പിലാക്കണം. മൂന്നാമതായി നിലവിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, ഒബിസിയുടെ 50 ശതമാനം സംവരണം നീക്കം ചെയ്‌ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്ന പുതിയ പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തണം.കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ അവഗണിച്ചാല്‍ ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനായി തെരുവോരങ്ങളില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ഖാര്‍ഗെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. കൂടാതെ അംബേദ്‌കര്‍ നല്‍കിയ തൊഴില്‍ നിയമ സംഭാവനകളെയും അദ്ദേഹം വേദിയില്‍ വച്ച് അനുസ്‌മരിച്ചു.

മോദി പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തൻ്റെ ഉറ്റ സുഹ്യത്തുകള്‍ക്ക് സമ്മാനിച്ചതിനാല്‍ പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി സമുദായങ്ങള്‍ക്ക് തൊഴിലവസരവും കുറഞ്ഞുവെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.

Latest News