Food

ടേസ്റ്റിയായി ഒരു സോയ പെരട്ട് ഉണ്ടാക്കിയാലോ?

ഇന്ന് ഉച്ചയ്ക്ക് ഊണിന് ഒരു വെറൈറ്റി വിഭവം ആയാലോ? വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു സോയ ചങ്ക്‌സ് പെരട്ടിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • സോയ ചങ്ക്‌സ് – 1. 1/2 കപ്പ്
  • കുരുമുളക് – 2 ടേബിൾ സ്പൂൺ
  • വല്യ ജീരകം – 1 ടീ സ്പൂൺ
  • ചെറിയ ജീരകം – 1 ടീ സ്പൂൺ
  • സവാള – 1 എണ്ണം
  • തക്കാളി – 2 എണ്ണം
  • മഞ്ഞൾപൊടി – 1/4 ടീ സ്പൂൺ
  • കാശ്മീരി മുളക് പൊടി – 1/4 ടീ സ്പൂൺ
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. ഇതിലേക്ക് സോയാ ചങ്ക്സ് ഇട്ടു കൊടുത്ത് നന്നായി തിളപ്പിക്കുക. രണ്ടുമിനിറ്റ് സോയ ചങ്ക്സ് തിളപ്പിച്ച ശേഷം ഇതൊരു അരിപ്പയിലേക്ക് മാറ്റി ഒന്ന് ഊറ്റിയെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുരുമുളക് ചെറിയ ജീരകം വലിയ ജീരകം എന്നിവ ഇട്ടു കൊടുത്ത് ഒന്ന് റോസ്റ്റ് ചെയ്യുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് തക്കാളി ചെറുതായി അരിഞ്ഞതും ഇട്ട് കൊടുത്ത് അടച്ചു വെച്ച് സവാളയും തക്കാളിയും നന്നായി ഉടനു വരുന്നതു വരെ മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് നമ്മുടെ പൊടിച്ചു വച്ചിരിക്കുന്ന മസാലപ്പൊടി ചേർത്ത് കൊടുക്കുക. കൂടെ തന്നെ മഞ്ഞൾ പൊടിയും മുളകുപൊടിയും ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം സോയ കൂടി ഇട്ടു കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്ത് ഇത് വറ്റിച്ചെടുക്കുക. ഇനിയിതു ഇളക്കി നന്നായി റോസ്റ്റ് പോലെയായി രൂപമാക്കി എടുക്കുക.