പുട്ടിനും അപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ കടൽ കറി ആയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കറി.
ആവശ്യമായ ചേരുവകൾ
- കടല – 1 കപ്പ്
- സവാള – 2 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 2 അല്ലി
- തക്കാളി – 1 എണ്ണം
- പച്ചമുളക് – ഒരെണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – 1 ടീസ്പൂൺ
- മല്ലിപ്പൊടി – 1 1/4 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- കടുക് – 1 പിഞ്ച്
- വെളിച്ചെണ്ണ – താളിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കി എടുത്ത കടല മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് കുതിരാനായി ഇട്ടുവയ്ക്കണം. കുറഞ്ഞത് നാലു മണിക്കൂർ എങ്കിലും കടല വെള്ളത്തിൽ കിടന്ന് കുതിർന്നാൽ മാത്രമേ പെട്ടെന്ന് വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. കടല കുതിർത്തിയെടുത്ത ശേഷം കുക്കറിൽ ഇട്ട് കുറച്ച് ഉപ്പും കുതിർത്താനായി വെച്ച വെള്ളത്തിന്റെ പകുതിയും ചേർത്ത് നാലു മുതൽ അഞ്ചു വിസിൽ വരെ അടുപ്പിച്ച് എടുക്കുക.
ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കനം കുറച്ച് അരിഞ്ഞെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി കൂടി ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് ഉടയുന്ന രീതിയിൽ ആകുന്നത് വരെ വേവിച്ചെടുക്കുക. ശേഷം എടുത്തുവച്ച പൊടികളെല്ലാം ഓരോന്നായി ചേർത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് പാൻ ചൂടാറാനായി മാറ്റി വയ്ക്കാം. ചൂട് മാറിക്കഴിഞ്ഞാൽ ഈ ചേരുവകൾ എല്ലാം മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ശേഷം നേരത്തെ വേവിച്ചു വെച്ച കടയിലയിലേക്ക് അരപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. കടല വേവിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി കൂടി വീണ്ടും കറിയിലേക്ക് ചേർത്ത് അടച്ചുവെച്ച് വീണ്ടും മൂന്നു മുതൽ നാലു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കണം. കറിയിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു കരണ്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുക്, ഉണക്കമുളക്, പച്ചമുളക് കീറിയത്, കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. കടല നല്ലതുപോലെ വെന്ത് വന്നു എന്ന് ഉറപ്പായി കഴിഞ്ഞാൽ കുക്കർ തുറന്നു അതിലേക്ക് താളിപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കടലക്കറി റെഡി.