തീവ്രവാദ പ്രവര്‍ത്തനങ്ങളെ പാകിസ്ഥാന്‍ പിന്തുണച്ചരുന്നെന്ന് മുന്‍ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. പാകിസ്ഥാന് അത്തരമൊരു ഭൂതകാലമുണ്ട്. ഇതിന്‍റെ ഫലമായി രാജ്യം ഏറെ കഷ്‌ടപ്പെട്ടു. അതിൽ നിന്നും പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു
തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിലും ധനസഹായം നൽകുന്നതിലും പാകിസ്ഥാന്‍റെ പങ്കാളിത്തം പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് സമ്മതിച്ചതിനെ പിന്നാലെയാണ് മുന്‍ വിദേശകാര്യ മന്ത്രിയുടെ കുറ്റസമ്മതം. സ്കൈ ന്യൂസിലെ യാൽദ ഹക്കിമുമായുള്ള സംഭാഷണത്തിലാണ് ഭൂട്ടോ പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് പറഞ്ഞത്.
“പ്രതിരോധ മന്ത്രി പറഞ്ഞതുപോലെ, പാകിസ്ഥാന് അത്തരമൊരു ഭൂതകാലമുണ്ടെന്നത് രഹസ്യമാണെന്ന് ഞാൻ കരുതുന്നില്ല… അതിന്‍റെ ഫലമായി ഞങ്ങൾ ഏറെ കഷ്‌ടപ്പെട്ടു, പാകിസ്ഥാൻ കഷ്‌ടപ്പെട്ടു. തീവ്രവാദത്തിന്‍റെ തുടർച്ചയായ അലകളിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. അനുഭവങ്ങളില്‍ നിന്നും ഞങ്ങൾ പാഠങ്ങൾ പഠിച്ചു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഞങ്ങൾ ആഭ്യന്തര പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയി…”
“പാകിസ്ഥാന്‍റെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം, അതു കഴിഞ്ഞുപോയ കാര്യങ്ങളാണ്. ഞങ്ങൾ ഇന്ന് അതിൽ പങ്കാളികളല്ല. അത് നമ്മുടെ ചരിത്രത്തിന്‍റെ ഒരു നിർഭാഗ്യകരമായ ഭാഗമായിരുന്നു എന്നത് ശരിയാണ്”- ബിലാവൽ ഭൂട്ടോ പറഞ്ഞു.
അതേസമയം വ്യാഴാഴ്‌ച മിർപൂർ ഖാസിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇന്ത്യ പ്രകോപിപ്പിച്ചാൽ യുദ്ധത്തിന് തയ്യാറാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞിരുന്നു.