ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന മലയാള ചിത്രമാണ് ‘ഐ ആം ഗെയിം’ . ഐ ആം ഗെയിമെന്ന ചിത്രത്തില്‍ പുതിയ ഒരു താരത്തെ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആ താരം ആരെന്ന് അല്ലേ? മറ്റാരുമല്ല മലയാളികളുടെ സ്വന്തം പെപ്പേ എന്ന് വിളിക്കുന്ന ആന്റണി വര്‍ഗീസാണ്. ചിത്രത്തില്‍ പെപ്പെ വില്ലന്‍ വേഷത്തിലാകും എത്തുന്നത് എന്നാണ് സൂചന. ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം.
സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും ചേര്‍ന്നാണ് സംഭാഷണം. ചമന്‍ ചാക്കോയാണ് എഡിറ്റിങ്.
പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം: മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, അസോസിയേറ്റ് ഡയറക്ടര്‍: രോഹിത് ചന്ദ്രശേഖര്‍, ഗാനരചന: മനു മഞ്ജിത്ത്- വിനായക് ശശികുമാര്‍.
ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ഐ ആം ഗെയിം. മലയാളത്തില്‍ ദുല്‍ഖര്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുളള സിനിമയായിരിക്കും ഇതെന്നാണ് സൂചന. 2003 ല്‍ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രമാണിത്. ‘ഐ ആം ഗെയിം’ എന്ന ചിത്രം ദുല്‍ഖറിന്റെ മലയാളത്തിലേക്കുളള ഗംഭീര തിരിച്ചുവരവ് കൂടിയായിരിക്കും. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്‌കറാമ് അവസാനം പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. ആഗോള തലത്തില്‍ 110 കോടിയോളം ഗ്രോസ് കളക്ഷന്‍ നേടി താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
ദാവീദ് ആണ് ആന്റണി വര്‍ഗീസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രത്തില്‍ ലിജോമോള്‍ ജോസ്, വിജയരാഘവന്‍, സൈജു കുറുപ്പ്, കിച്ചു ടെല്ലസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. എബി അലക്‌സ് എബ്രഹാം, ടോം ജോസഫ്, സെഞ്ച്വറി മാക്‌സ് ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.