World

സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു; ആരാകും ഫ്രാൻസിസ് പാപ്പയുടെ പിൻഗാമി?

പുതിയ മാർപ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റീൻ ചാപ്പലിന്റെ മേൽക്കൂരയിൽ ചിമ്മിനി സ്ഥാപിച്ചു. ബാലറ്റുകൾ കത്തിക്കുന്ന പുക പുറത്ത് വരുന്നതിനായാണ് ഈ ചിമ്മിനി ഉപയോഗിക്കുന്നത്.

267ാം മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് അന്ത്യമായെന്ന് വിശ്വാസികളെ അറിയിക്കുന്നത് ഈ ചിമ്മിനിയിലൂടെ പുറത്ത് വിടുന്ന പുകയുടെ നിറം അടിസ്ഥാനമാക്കിയാണ്.

തുരുമ്പിന്റെ നിറമുള്ള ചിമ്മിനി പൈപ്പാണ് ജീവനക്കാർ ടെറാക്കോട്ട ടൈലുകളുള്ള മേൽക്കൂരയിൽ സ്ഥാപിച്ചത്. മൈക്കലാഞ്ചലോയുടെ സൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന 15ാം നൂറ്റാണ്ടിൽ നിർമ്മിതമായ ദേവാലയമാണ് സിസ്റ്റീൻ ചാപ്പൽ.

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എവിടെ നിന്നും ദൃശ്യമാകുന്ന രീതിയിലാണ് ചിമ്മിനി സ്ഥാപിച്ചിട്ടുളളത്. കോൺക്ലേവ് ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് എത്തുക.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കോൺക്ലേവിന് മെയ് 7ന് തുടക്കമാവും.

ഏപ്രിൽ 21നാണ് ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചത്. 2013 മുതൽ മാർപ്പാപ്പ പദവിയിലുണ്ടായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ലോകമെമ്പാടും നിലപാടുകൾ കൊണ്ട് പ്രശസ്തനായിരുന്നു.