Kerala

കേരളത്തെ ആഗോള മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കും : പ്രധാനമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു

സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചു കേരളത്തെ ഗ്ലോബല്‍ മാരീടൈം ശൃംഖലയുടെ പ്രധാന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതുയുഗ വികസന മാതൃകയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കേരളത്തിന് സാമ്പത്തിക സുസസ്ഥിരത ഉറപ്പുനല്‍കും. കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തുറമുഖത്ത് പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിന്റെ തുറമുഖ അടിസ്ഥാന സൗകര്യങ്ങളില്‍ സുപ്രധാന പുരോഗതിയാണ് വിഴിഞ്ഞം പദ്ധതി. ഭാവിയില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബിന്റെ ക്ഷമത മൂന്നിരട്ടിയാകും. ഗുജറാത്ത് പോര്‍ട്ടിനെക്കാളും വലിയ പോര്‍ട്ടാണ് വിഴിഞ്ഞത്ത് അദാനി നിര്‍മ്മിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കി. രാജ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് മേഖലയില്‍ 75 ശതമാനവും വിദേശരാജ്യങ്ങളിലൂടെയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിലൂടെ അതിന് മാറ്റമുണ്ടാകും. ട്രാന്‍സ്ഷിപ്പ്‌മെന്റ് മേഖലയിലൂടെ വിഴിഞ്ഞം തുറമുഖം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയിലെ തുറമുഖങ്ങളുടെ കാര്യക്ഷമത വര്‍ധിച്ചു. കാര്‍ഗോ ഇറക്കുന്നതില്‍ 30 ശതമാനം സമയക്കുറവ് വരുത്താനായി. ഇതിലൂടെ കൂടുതല്‍ കാര്‍ഗോ കൈകാര്യം ചെയ്യാന്‍ കഴിയും. ഭാരതത്തിന്റെ തീരമേഖലയിലെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരതം 2047 ലേക്കുള്ള രാജ്യപുരോഗതിയുടെയും സമൃദ്ധിയുടെയും ചാലകശക്തിയാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് കോടികണക്കിന് രൂപയുടെ നിക്ഷേപപദ്ധതികള്‍ നടക്കുകയാണ്. തുറമുഖ സമ്പദ്വ്യവസ്ഥയുടെ മുഴുവന്‍ സാധ്യതകളും രാജ്യം പ്രയോജനപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാഗര്‍മാല പദ്ധതിയിലൂടെയും പി.എം. ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും റോഡ്, റെയില്‍, എയര്‍പോര്‍ട്ട്, തുറമുഖ കണക്റ്റിവിറ്റിയും സാധ്യമാക്കി. പൊന്നാനി, പുതിയപ്പ തുറമുഖങ്ങളുടെ നവീകരണവും ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഈസ് ഓഫ് ഡൂയിങ് ബിസിനസിനും സഹായകമാണ്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കി. കൊച്ചിയില്‍ കപ്പല്‍ നിര്‍മ്മാണ ക്ലസ്റ്ററുകള്‍ സ്ഥാപിച്ചു വികസനവും തൊഴില്‍ അവസരവും കൂട്ടും. ഇന്ത്യ യൂറോപ് കോറിഡോറും കേരളത്തിന് ലാഭം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രിമാരായ ജി.ആര്‍ അനില്‍, സജി ചെറിയാന്‍, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, എം വിന്‍സെന്റ് എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, അദാനി പോര്‍ട്സ് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുത്തു.

CONTENT HIGH LIGHTS; Kerala will be made a key hub of the global maritime network: Prime Minister