Entertainment

Retro Movie: ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടി റെട്രോ, കേരളത്തില്‍ നിന്നും 2.5 കോടി

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് റെട്രോ. വ്യാഴാഴ്ചയാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ കഴിഞ്ഞതും ചിത്രത്തിന് ഗംഭീര പ്രകടനമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതോ ചിത്രത്തിന്റെ തീയറ്റര്‍ കളക്ഷനും പുറത്തു വന്നിരിക്കുകയാണ്. 17.75 കോടിയാണ് തമിഴ്‌നാട്ടില്‍ നിന്നും ചിത്രം ആദ്യദിനം വാരിയത്. റിലീസ് ദിവസം ഏറ്റവുമധികം ഗ്രോസ് ലഭിക്കുന്ന സൂര്യ ചിത്രമായും റെട്രോ മാറി. അതേസമയം കേരളത്തില്‍ നിന്നുളള ചിത്രത്തിന്റെ കളക്ഷന്‍ 2.5 കോടിയാണ്. കര്‍ണാടകയില്‍ നിന്നും 3 കോടിയാണ് നേടിയത്.

സിനിമയുടെ ആഗോള കളക്ഷന്‍ 35 കോടിയാണ്. അജിത്തിന്റെ സിനിമകളായ ഗുഡ് ബാഡ് അഗ്ലി (51 കോടി), വിടാമുയര്‍ച്ചി(48 കോടി) എന്നിവയാണ് ഈ വര്‍ഷം ആഗോള കളക്ഷനില്‍ ഏറ്റവുമധികം ഗ്രോസ് നേടിയ ചിത്രങ്ങള്‍. ഇതില്‍ മൂന്നാം സ്ഥാനത്താണ് റെട്രോ.

റെട്രോ സൂര്യയുടെ തിരിച്ചുവരവായാണ് ആരാധകര്‍ കണക്കാക്കുന്നത്. തമിഴ്‌നാട്ടില്‍ ചിത്രത്തിന്് വന്‍ സ്വീകരണമാണ് ലഭിക്കുന്നതെങ്കിലും, കേരളത്തില്‍ തണുത്ത പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സൂര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കങ്കുവ ദയനീയമായി പരാജയപ്പെട്ടിരുന്നു. കങ്കുവയ്ക്ക് ശേഷം റിലീസിനെത്തുന്ന സൂര്യ ചിത്രം കൂടിയാണ് റെട്രോ.

1990 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രണയം, ചിരി, യുദ്ധം എന്ന ടാഗ് ലൈനുമായി എത്തുന്ന ഗ്യാങ്സ്റ്റര്‍ പ്രണയകഥയാണ് റെട്രോ. പൂര്‍ണമായും ആക്ഷന്‍ എന്റര്‍ടെയ്നറായി കഥ പറയാനാണ് കാര്‍ത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ കഥയിലെ പുതുമയില്ലായ്മ സിനിമയുടെ പ്രധാന പോരായ്മയാണെങ്കിലും അതിനെ തന്റെ മേക്കിങിലൂടെ മറികടക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. വെസ്റ്റേണ്‍ ഹോളിവുഡ് ക്ലാസിക് സിനിമകളിലെ അനുസ്മരിപ്പിക്കുന്ന അവതരണശൈലിയാണ് ഇത്തവണ കാര്‍ത്തിക് പരീക്ഷിച്ചിരിക്കുന്നത്.

ജയറാം ജോജു ജോര്‍ജ് , ആവ്നി, സ്വാസിക, രമ്യ സുരേഷ്, രാക്കു (രാകേഷ് ജേക്കബ്), മണവാളന്‍ ടീം, സുജിത് ശങ്കര്‍ എന്നീ മലയാളികളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ ക്യാമറ മികവ് എടുത്ത് പറയേണ്ടതാണ്. സന്തോഷ് നാരായണനാണ് സംഗീതം. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.