കൊച്ചി: വിസയും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും (ഇടിഎ) ആവശ്യമായ അന്താരാഷ്ട്ര യാത്രകളിലെ ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സുഗമാക്കുന്നതിനായി ഓട്ടോ വിസ ചെക്ക് (എവിസി) സൗകര്യമൊരുക്കി എയര്‍ ഏഷ്യ.
ചെക്ക്-ഇന്‍ കൗണ്ടറുകളിലെ കാത്തിരിപ്പും തിരക്കും ഒഴിവാക്കി അനായാസ യാത്ര ഉറപ്പാക്കാനാണ് എയര്‍ ഏഷ്യ ഇത്തരമൊരു നൂതന സംവിധാനം അവതരിപ്പിച്ചത്. സാധാരണയായി വിസ ആവശ്യമായ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വിസ പരിശോധിച്ച ശേഷം മാത്രമേ ചെക്ക് ഇന്‍ സാധ്യമാകൂ.
പുതിയ എവിസി സംവിധാനം വഴി യാത്രയ്ക്ക് 14 ദിവസം മുതല്‍ ഒരു മണിക്കൂര്‍ മുന്‍പ് വരെ എവിടെയിരുന്നും ഓണ്‍ലൈനായി ചെക്ക് ഇന്‍ ചെയ്യാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉള്ളവര്‍ക്ക് മാത്രമേ നിലിവില്‍ എവിസി സൗകര്യം ലഭിക്കൂ.
എയര്‍ ഏഷ്യ മൂവ് ആപ്പ് ഉപയോഗിച്ചോ www.airasia.com വെബ്‌സൈറ്റ് വഴിയോ ആണ് ഓട്ടോ വിസ ചെക്ക് ഇന്‍ ചെയ്യേണ്ടത്. സൈറ്റില്‍ കയറി ഫ്‌ളൈറ്റ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് പാസ്‌പോര്‍ട്ടിലെ സ്റ്റിക്കര്‍ വിസ സ്‌കാന്‍ ചെയ്യുകയോ ഇ-വിസ അപ്ലോഡ് ചെയ്യുകയോ വേണം. വിസയുടെ പരിശോധന കഴിഞ്ഞ ഉടന്‍ ഇ- ബോര്‍ഡിംഗ് പാസ് ലഭിക്കും.
ഹാന്‍ഡ് ബാഗേജ് മാത്രമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇ-ബോര്‍ഡിംഗ് പാസുമായി നേരിട്ട് ബോര്‍ഡിംഗ് ഗേറ്റിലേക്ക് പോകാം. ആവശ്യമെങ്കില്‍ കിയോസ്‌കിലൂടെ ബോര്‍ഡിംഗ് പാസ് പ്രിന്റ് ചെയ്യാനും സാധിക്കും. ചെക്ക് ഇന്‍ ബാഗേജ് ഉള്ളവര്‍ക്ക് കിയോസ്‌കില്‍ നിന്നും ബാഗ് ടാഗ് പ്രിന്റ് ചെയ്ത് നിശ്ചയിച്ച് കൗണ്ടറിലെത്തി ബാഗേജ് ഏല്‍പ്പിക്കാം.