ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ് ദേവരകൊണ്ടയ്ക്കെതിരെ പോലീസില്‍ പരാതി. സൂര്യയുടെ റെട്രോ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് വിവാദ പരാമര്‍ശം നടന്‍ നടത്തിയത്. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ലാല്‍ ചൗഹാനാണ് വിജയുടെ പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
ഹൈദരാബാദ് എസ്ആര്‍ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ചയാണ് നടനെതിരെ ലാല്‍ ചൗഹാന്‍ പരാതി നല്‍കിയത്. പഹല്‍ഗാം ആക്രമണത്തെ അപലപിച്ചുള്ള പ്രസംഗത്തിനിടെയാണ് വിവാദപരാമര്‍ശം. അതേസമയം സംഭവത്തില്‍ നടനെതിരെ ഗോത്രവിഭാഗ സംഘടനകള്‍ രംഗത്തെതിയിട്ടുണ്ട്. വിജയ് ഉടനെ മാപ്പ് പറയണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സംഭവത്തില്‍ ഇതുവരെയും നടന്‍ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ‘കിംഗ്ഡം’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം.
”കശ്മീര്‍ ഇന്ത്യയുടേതാണ്, കശ്മീരികള്‍ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങള്‍ പോലും നോക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികള്‍ക്ക് അവരുടെ സര്‍ക്കാരിനെ മടുത്തു. അത് തുടര്‍ന്നാല്‍ പാകിസ്താനികള്‍ തന്നെ അവരെ ആക്രമിക്കും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോത്രവര്‍ഗക്കാര്‍ ചെയ്തതുപോലെയാണ് അവര്‍ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കാതെ ആക്രമിക്കും. നമ്മള്‍ മനുഷ്യരായി ഐക്യത്തോടെ നില്‍ക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം. നമ്മള്‍ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം”. എന്നായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് റെട്രോയുടെ പ്രൊഷന്‍ പരിപാടിയില്‍ വിജയ് ദേവരകൊണ്ട പറഞ്ഞത്.