പയ്യന്നൂരിൽ: സിപിഐഎമ്മിലുണ്ടായ വിഭാഗീയതയിൽ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ വീണ്ടും നടപടി. വിഭാഗീയ പ്രവർത്തനത്തിന് പിന്തുണ നൽകിയെന്ന് വിലയിരുത്തലിൻ്റെയും ചില നേതാക്കൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്.
നേരത്തെ ഏരിയ സെക്രട്ടറിയായ സമയത്തും കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടി എടുത്തിരുന്നു. പിന്നീട് മാസങ്ങളോളം പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിന്ന കുഞ്ഞികൃഷ്ണനെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പ്രശ്നം താൽക്കാലികമായി അനുനയിപ്പിക്കുകയാണ് ഉണ്ടായത്.
ഇതിനുശേഷം പയ്യന്നൂരിൽ ഒരു വിഭാഗം സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ രൂപം കൊണ്ട സമാന്തര സംഘടനയെ പാർട്ടി തള്ളിയിരുന്നു. കീഴ് ഘടകങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഈ സംഘടന കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടത്തിയ പരിപാടിയിൽ വി കുഞ്ഞികൃഷ്ണൻ പങ്കെടുത്തതിലും നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുൾപ്പെടെ പരിഗണിച്ചാണ് നടപടി ആലോചിക്കുന്നത്.