കേരളത്തിലെ വിനോദസഞ്ചാരികളുടെ കാത്തിരിപ്പ് സഹലമാകുന്നു. ആക്കുളം കണ്ണാടി പാലം തുറക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായ പാലം മെയ്മാസത്തില്‍ തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം വകുപ്പ്. വേളി ടൂറിസ്റ്റ് വില്ലേജിലും ആക്കുളത്തും എത്തിയാല്‍ ഇനിമുതല്‍ ഇവിടുത്തെ മനോഹര കാഴ്ച കാണാന്‍ മറക്കരുത്. 70 അടി ഉയരവും 52 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. പാലത്തില്‍ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ഒരുക്കിയിരിക്കുന്നത്. പാലത്തില്‍ പ്രവേശിച്ചാലുടന്‍ ചെറിയ ചാറ്റല്‍മഴയും തുടര്‍ന്ന് മൂടല്‍ മഞ്ഞും അനുഭവപ്പെടും.കൂടെ ദീപാലങ്കാരവും.
ആക്കുളം കായലിന്റെ മനോഹര ദൃശ്യങ്ങള്‍ പാലത്തിന് മുകളില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് ഈ കണ്ണാടി പാലം കാണാനുളള യാത്ര. കുടുംബവുമായി എത്തി ആസ്വദിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ഇത്. ജില്ലാ ടൂറിസം കൗണ്‍സിലിനാണ് (ടിഡിപിസി) പാലത്തിന്റെ പരിപാലന ചുമതല.
പ്രമോഷന്‍ കൗണ്‍സിലിന് വേണ്ടി വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പേര്‍ണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലം നിര്‍മ്മിച്ചത്. പാലം നിര്‍മ്മാണം ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായെങ്കിലും ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കിയാണ് കണ്ണാടിപാലം തുറക്കാന്‍ പോകുന്നത്. മെയ് മാസത്തില്‍ ഉദ്ഘാടനം ഉണ്ടാകുമെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിക്കുന്നു.
STORY HIGHLIGHTS: Akkulam Mirror Bridge opens to refresh the eyes and minds of tourists