Travel

ജീവനോടെ തിരിച്ചെത്തിയാൽ ഭാഗ്യം; ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ ട്രെയിന്‍ യാത്ര | A completely different train journey, into the details of the ‘Desert Train’

84 ടണ്‍ ഇരുമ്പയിര് നിറച്ച 200-ലധികം തുറന്ന ചരക്ക് വാഗണുകളാണ് ഈ തീവണ്ടിയില്‍ ഉള്ളത്

തിരക്കുകളിൽ നിന്നെല്ലാം മാറി ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതും ട്രെയിൻ യാത്രയോടൊക്കെ ഒരു പ്രത്യേക ഇഷ്ടമുള്ളവരും ഉണ്ടാകും. എന്നാൽ അതൊരു സാഹസിക യാത്രയായാലോ… അത്തരത്തിൽ സാഹസികത ഇഷ്ടപ്പെടുന്നവർക്ക് തികച്ചും വ്യത്യസ്തമായ ഒരു യാത്ര വാഗ്ദാനം ചെയ്യുന്ന ഒരു ട്രെയിന്‍ ഉണ്ട്. 3 കിലോമീറ്റര്‍ വരെ നീളുന്ന മൗറിറ്റാനിയയിലെ Iron Ore Train (ഇരുമ്പയിര് ട്രെയിന്‍) ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ഭാരമേറിയതും അപകടകരവുമായ ട്രെയിനുകളില്‍ ഒന്നാണ്. വലിയ അളവില്‍ ഇരുമ്പയിര് വഹിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന സഹാറ മരുഭൂമിയിലൂടെ ഈ ട്രെയിന്‍ നിര്‍ത്താതെ സഞ്ചരിക്കുന്നു.

പശ്ചിമാഫ്രിക്കയിലെ വിശാലവും വരണ്ടതുമായ രാജ്യമായ മൗറിറ്റാനിയ, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഇരുമ്പയിര് നിക്ഷേപങ്ങളുടെ കേന്ദ്രമാണ്. നഗരങ്ങളില്‍ നിന്നും വളരെ അകലെ, സഹാറ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലുകള്‍ക്കുള്ളിലാണ് ഈ ഇരുമ്പയിര് ഖനികള്‍ സ്ഥിതി ചെയ്യുന്നത്. ഇരുമ്പയിര് ഖനന പട്ടണമായ സൂറത്തില്‍ നിന്ന് അറ്റ്‌ലാന്റിക് തീരത്തെ തുറമുഖ നഗരമായ നൗദിബൗവിലേക്ക് ഭാരമേറിയ അയിര് മാറ്റുന്നതിനാണ് ഈ പ്രത്യേക ട്രെയിന്‍. ഈ ട്രെയിന്‍ മരുഭൂമിയിലൂടെ 704 കിലോമീറ്റര്‍ സഞ്ചരിക്കുന്നു. യാത്ര പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം ഏകദേശം 14 മണിക്കൂറാണ്. അനന്തമായ പരന്നുകിടക്കുന്ന മണല്‍ക്കൂനകളിലൂടെയും ചൂട് കാറ്റുവീശുന്ന മരുഭൂമിയിലൂടെയും അത് കടന്നുപോകുന്നു. നമുക്കറിയാവുന്ന സാധാരണ തീവണ്ടി പോലെയല്ല ഇത്. ഇതിന് സീറ്റുകളോ കമ്പാര്‍ട്ടുമെന്റുകളോ മേല്‍ക്കൂരയോ ഇല്ല. 84 ടണ്‍ ഇരുമ്പയിര് നിറച്ച 200-ലധികം തുറന്ന ചരക്ക് വാഗണുകളാണ് ഈ തീവണ്ടിയില്‍ ഉള്ളത്. നാട്ടുകാര്‍ ഇതിനെ മരുഭൂമിയുടെ തീവണ്ടി എന്ന് വിളിക്കുന്നു.

കഠിനമായ സാഹചര്യങ്ങള്‍ക്കിടയിലും, ചില മൗറിറ്റാനിയന്‍ നാട്ടുകാര്‍ ഇപ്പോഴും ഈ തീവണ്ടിയില്‍ സൗജന്യ യാത്രയ്ക്കായി കാത്തിരിക്കുകയാണ്. ടിക്കറ്റില്ല, നിശ്ചിത സ്‌റ്റേഷനുകളില്ല, ഭക്ഷണമില്ല. വെള്ളമില്ല. എന്തെങ്കിലും കുഴപ്പം സംഭവിച്ചാല്‍ സഹായവുമില്ല. എന്നിട്ടും ആളുകള്‍ ഇതിലാണ് സഞ്ചരിക്കുന്നത് കാരണം മൗറിറ്റാനിയയുടെ ചില ഭാഗങ്ങളില്‍ ദീര്‍ഘദൂര യാത്ര ചെയ്യാനുള്ള ഏക മാര്‍ഗമാണിത്.കത്തുന്ന വെയിലില്‍ നിന്നും മണല്‍കാറ്റില്‍നിന്നും നിന്നും രക്ഷനേടാന്‍ സ്‌കാര്‍ഫുകള്‍ ധരിച്ച് യാത്രക്കാര്‍ ട്രെയിനിന്റെ മുകളില്‍ത്തന്നെ ഇരിക്കും. പടിഞ്ഞാറന്‍ സഹാറ അതിര്‍ത്തിക്കടുത്തുള്ള സൂറാത്ത് എന്ന പട്ടണത്തില്‍ നിന്നാണ് ട്രെയിന്‍ യാത്ര ആരംഭിക്കുന്നത്. കയറാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലം ചൗം എന്ന പട്ടണമാണ്. പക്ഷേ അവിടെ പോലും യാത്രക്കാര്‍ ഒറ്റയ്ക്കാണ്. എന്തെങ്കിലും സംഭവിച്ചാല്‍, സഹായത്തിന് രക്ഷാപ്രവര്‍ത്തക സംഘവും ഉണ്ടാവില്ല. വേനല്‍ക്കാലത്ത് മരുഭൂമിയിലെ താപനില 50°C-യില്‍ കൂടുതല്‍ ഉയരും. മണല്‍ക്കാറ്റുകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാം. മൗറിറ്റാനിയ ഇരുമ്പയിര് ട്രെയിന്‍ 1963 മുതല്‍ ഓടുന്നുണ്ട്. മനുഷ്യര്‍ക്കുവേണ്ടിയല്ല മറിച്ച് ഭൂമിയിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൊന്നിലൂടെ ഭൂമിയില്‍ നിന്ന് ഇരുമ്പയിര് കൊണ്ടുപോകുന്നതിനാണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുളളത്.

STORY HIGHLIGHTS: A completely different train journey, into the details of the ‘Desert Train’