കോഴിക്കോട്: കോഴിക്കോട് ജയിക്കാതെ 2026-ല്‍ യുഡിഎഫിന് ഭരണം പിടിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് കോഴിക്കോട് അടിത്തറയുണ്ടെന്നും ആരും വെളളിത്താലത്തില്‍ അധികാരം കൊണ്ട് തരില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും മാത്രമല്ല മൂന്നാമതൊരു ശക്തി കൂടിയുണ്ടെന്നും ജോലി കടുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനകത്തെ പടല പിണക്കങ്ങള്‍ സാധാരണ പ്രവര്‍ത്തകരെയാണ് വേദനിപ്പിക്കുന്നത്, അത് നേതാക്കള്‍ ഓര്‍ക്കണം, അടുത്ത ബസില്‍ കയറാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ കയറാന്‍ പറ്റില്ലെന്നും കെ സി ജോസഫ് പറഞ്ഞു.