ഇംഫാല്‍: മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും ഇതുവരെ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. രണ്ടു വർഷം പിന്നിട്ടിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനും തയ്യാറായിട്ടില്ല.
ഭൂരിപക്ഷ സമുദായമായ മെയ്തെയ്‌യെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കുക്കി ഗോത്രവിഭാഗക്കാർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. 2023 മേയ് 3 ന് ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് കലാപം ആരംഭിക്കുന്നത്. തിരിച്ചടിയായി ഇംഫാൽ താഴ്‌വരയിൽ കുക്കികൾക്കെതിരെ അക്രമം.
സ്ത്രീകളും കുട്ടികളും കൊലചെയ്യപ്പെട്ടു. മുഖ്യമന്ത്രിയുടെത് അടക്കം വീടുകൾ അഗ്നിക്കിരയായി. വാഹനങ്ങൾ കത്തിച്ചു. ജനങ്ങൾ പല നാടുകളിലേക്ക് പലായനം ചെയ്തു. ഔദ്യോഗിക കണക്കുകൾ പ്രകാരം 260 പേർ കൊല്ലപ്പെട്ടു. 60,000 പേർ പലായനം ചെയ്തു. ഇപ്പോഴും അര ലക്ഷം പേർ ഭവനരഹിതരാണ്. ആയിരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ
മണിപ്പൂരിൽ ഇതുവരെ സമാധാനം പുനഃസ്ഥാപിച്ചിട്ടില്ല. രാജിവെക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി എൻ ബിരേൻ സിംങ്ങ് സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പുയർന്നതോടെ ഒടുവിൽ രാജിവച്ചൊഴിഞ്ഞു. ഇതിനു ശേഷം മണിപ്പൂരിൽ ഗവർണർ ഭരണം ഏർപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മണിപ്പൂർ സന്ദർശിക്കണമെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരിക്കൽ പോലും കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മോദി മണിപ്പൂർ സന്ദർശിച്ചില്ല.