ന്യൂഡൽഹി: ‘സർബത്ത് ജിഹാദ്’ വിവാദത്തിൽ ഹംദാർദ് ഫാർമസ്യൂട്ടിക്കൽസിനെ അപകീർത്തിപ്പെടുത്താൻ പുതിയ വിഡിയോ പോസ്റ്റ് ചെയ്തുവെന്ന ആരോപണത്തിൽ യോഗാചാര്യൻ ബാബാ രാംദേവിന് വീണ്ടും ഡൽഹി ഹൈക്കോടതിയുടെ വിമർശനം. ഹംദർദ് കമ്പനിയുടെ ‘റൂഹ് അഫ്‌സാ’സർബത്തിനെക്കുറിച്ച് നടത്തിയ വർഗീയ പരാമർശങ്ങൾക്ക് എതിരായ ഹർജി പരിഗണിക്കവേയാണ് കോടതി രാംദേവിനെ നിര്‍ത്തിപ്പൊരിച്ചത്.
രാംദേവ് സാമൂഹിക വ്യവസ്ഥിതിക്ക് പുറത്ത് മറ്റേതോ ലോകത്താണ് ജീവിക്കുന്നതെന്ന് നിരീക്ഷിച്ച ബെഞ്ച് ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കോടതിയിൽ വിളിച്ചുവരുത്തുമെന്നു താക്കീതു നൽകി. പരാതിക്കിടയായ വിഡിയോ എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽനിന്നും നീക്കം ചെയ്യണമെന്നും നിർദേശിച്ചു.
പതഞ്‌ജലിയുടെ പുതിയ സർബത്ത് പ്രചരിപ്പിക്കവെയാണ് രാംദേവ് വിദ്വേഷ പരാമർശം നടത്തിയത്. ‘സർബത്ത് വിൽക്കുന്ന മറ്റൊരു കമ്പനിയെക്കുറിച്ച് നിങ്ങൾക്ക് അറിയാം. നിങ്ങൾ അവരുടെ സർബത്ത് കുടിച്ചാൽ ആ പണം വിനിയോഗിച്ച് അവർ പള്ളികളും മദ്രസകളും കെട്ടിപ്പൊക്കും. പക്ഷേ, നിങ്ങൾ പതഞ്‌ജലി സർബത്ത് കുടിച്ചാൽ കൂടുതൽ ആശ്രമങ്ങളും ഗുരുകുലങ്ങളും ഉണ്ടാകും. ലവ് ജിഹാദ് ഉള്ളത് പോലെ ഇവിടെ സർബത്ത് ജിഹാദുമുണ്ട്’ എന്നായിരുന്നു ഏപ്രിൽ 22ന് നടത്തിയ പരാമര്‍ശം. ആധുനിക ചികിത്സാസമ്പ്രദായത്തിനെതിരായ രാംദേവിന്റെ വിവാദ പരാമര്‍ശങ്ങളെ നേരത്തെ സുപ്രീംകോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.