കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗികൾ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ കാരണം സ്ഥിരീകരിക്കാൻ മെഡിക്കൽ ബോർഡ് ഇന്നു യോഗം ചേരും. രാവിലെ 10.30 ന് ആണ് യോഗം ചേരുന്നത്. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളില്‍ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്. അതില്‍ ഗംഗാധരന്‍, നസീറ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇന്നലെ രാത്രി രാത്രി 7.40 ന് ആണ് എംആർഐ സ്കാനിങ്ങിന്റെ സെർവർ റൂമിൽനിന്നു പൊട്ടിത്തെറിയുണ്ടായി പുക ഉയർന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയർന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തിൽനിന്നു രോഗികളെ പുറത്തേക്കു മാറ്റി.
അതേസമയം ആശുപത്രിയിലുണ്ടായ പുക കാരണമല്ല അഞ്ച് മരണങ്ങള്‍ സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ച അഞ്ചുപേരില്‍ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴെ മരണപ്പെട്ടിരുന്നുവെന്നും മറ്റുള്ളവര്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നുവെന്നതുമാണ് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചത്.