തിരുവനന്തപുരം: ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്‍റേയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷകരെന്ന നിലയില്‍ മാധ്യമ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിനേയും സമൂഹത്തേയും ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും 19-ാം വകുപ്പ് ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ മാധ്യമസ്വാതന്ത്ര്യവും ഉള്‍പ്പെടും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ തകര്‍ച്ച ജനാധിപത്യസംവിധാനത്തെ തകര്‍ച്ചയ്ക്കിടയാക്കും. മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോകത്ത് 151 ആം സ്ഥാനത്തുളള ഇന്ത്യയില്‍ മാധ്യമ ലോകം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
ആഗോള തലത്തില്‍ മാധ്യമ സ്വാതന്ത്ര്യം വിലയിരുത്തുമ്പോള്‍ ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന വിശേഷണം മാധ്യമങ്ങള്‍ക്ക് വെറും അലങ്കാരം മാത്രം. ഭരണകൂടങ്ങളുടെ കടുത്ത നിയന്ത്രണങ്ങളും സമൂഹത്തിന്‍റെ അനാവശ്യ ഇടപെടലുകളും സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിന് വിഘാതമാണ്.
ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സമൂഹത്തെ ജാഗരൂഗരാക്കി നിര്‍ത്തുന്നതിനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നിസ്തുല പങ്കുണ്ട്. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനം, വാര്‍ത്തയുടെ എല്ലാ വശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയും പുരോഗമനപരമായ കാഴ്ചപ്പാടിലൂടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും ഭീഷണികളും വേട്ടയാടലുകളും സെന്‍സര്‍ഷിപ്പുകളും സാമ്പത്തിക സമ്മര്‍ദ്ദങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിഘാതമാകുന്നുണ്ട്.