പനാജി: ഗോവയിലെ ശിർഗാവോയിൽക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചു. അമ്പതിൽ അധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജിഎംസി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയില്‍ കഴിയുന്ന എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ലോപ്പിലൂടെ ഭക്തര്‍ താഴേക്കിറങ്ങിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണെന്നും പിന്നില്‍ വന്നവര്‍ അതിന് മുകളിലേക്ക് വീണെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം നടന്ന് ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുന്‍പ് തന്നെ ചിലര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
സംഭവത്തെത്തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നോർത്ത് ഗോവ ജില്ലാ ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന ബിച്ചോളിം ആശുപത്രിയിലും പ്രമോദ് സാവന്ത് സന്ദർശനം നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.