Kerala

വിഴിഞ്ഞം: പ്രഭാഷകരാരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു: ശശി തരൂർ എംപി

വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉദ്ഘാടനത്തിൽ വിസ്മരിച്ചതിനെതിരെ ശശി തരൂർ എംപി. വിഴിഞ്ഞത്ത് ഔദ്യോഗിക പ്രഭാഷകരിൽ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് താന്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ശശി തരൂര്‍ എംപി കുറിച്ചു. വിഴിഞ്ഞത്ത് തുറമുഖനിര്‍മാണം 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും ഇതൊരു ചരിത്ര ദിവസമാണെന്നും സൂചിപ്പിച്ച് 2015ല്‍ ഉമ്മന്‍ ചാണ്ടി പങ്കുവച്ച ഒരു പോസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷൻ ചെയ്ത ഈ ദിവസത്തിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകിയ, യഥാർത്ഥ കമ്മീഷനിംഗ് കരാറിൽ ഒപ്പുവെച്ച്, ഇന്ന് നമ്മൾ ആഘോഷിച്ച പ്രവൃത്തികൾക്ക് തുടക്കമിട്ട, അന്തരിച്ച കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധേയമായ സംഭാവനകളെ അനുസ്മരിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു.

ഔദ്യോഗിക പ്രഭാഷകരിൽ ആരും അദ്ദേഹത്തിന്റെ പേര് പോലും പരാമർശിക്കാത്തതിൽ ലജ്ജിക്കുന്നു – അദ്ദേഹത്തിന്റെ സംഭവനകളെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിച്ചിരുന്ന എനിക്കാണെങ്കിൽ സംസാരിക്കാൻ അവസരം ലഭിച്ചതുമില്ല.