യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പോപ്പിൻ്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിവാദം കനക്കുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം അടുത്ത പോപ്പ് ആകാൻ ആഗ്രഹിക്കുന്നുവെന്ന് തമാശ രൂപേണെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഈ ചിത്രം പങ്കുവെച്ചത്. ചിത്രത്തിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
പോസ്റ്റ് ഒരു തമാശയായിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്നാണ് മറ്റുചിലരുടെ ആരോപണം. അടുത്തിടെ നടന്ന ഒരു വീഡിയോ അഭിമുഖത്തിൽ, കത്തോലിക്കാ സഭയെ ആരാണ് നയിക്കേണ്ടതെന്ന് ട്രംപിനോട് ചോദിച്ചപ്പോൾ, ഒരു നിമിഷം പോലും പാഴാക്കാതെ തനിക്ക് പോപ്പ് ആകാൻ ആഗ്രഹമുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
അങ്ങനെയൊരു അവസരം ലഭിച്ചാൽ പോപ്പ് ആകുന്നതിനാകും തൻ്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താൽപര്യങ്ങളൊന്നുമില്ലെന്നും, അത് ന്യൂയോർക്കിൽ നിന്നുള്ള ഒരാളായാൽ വലിയ സന്തോഷമുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.