India

ജാതി സെന്‍സസ് ; പ്രധാനമന്ത്രിക്ക് കത്തെഴുതി തേജസ്വി യാദവ്, സംവരണ പരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യം

ജാതി സെന്‍സസ് ഡാറ്റ ലഭ്യമായതിനു ശേഷം സംവരണ പരിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ജാതി സെന്‍സസ് നടത്തുന്നത് സാമൂഹിക നീതിയിലേക്കുളള ആദ്യപടി മാത്രമാണ്. സെന്‍സസ് ഡാറ്റ സാമൂഹിക സംരക്ഷണത്തിന്റെയും സംവരണ നയങ്ങളുടെയും സമഗ്രമായ അവലോകനത്തിലേക്ക് നയിക്കേണ്ടതുണ്ടെന്നും യാദവ് കത്തില്‍ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ദേശീയ സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്താനുളള കേന്ദ്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് യാദവിന്റെ കത്ത്. പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയിലാണ് ദേശീയ സെന്‍സസില്‍ ജാതി കണക്കെടുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. ജാതി സെന്‍സസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ ആര്‍ജെഡിയും കോണ്‍ഗ്രസും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ തീരുമാനം വൈകിയെന്ന് ചൂണ്ടിക്കാട്ടി യാദവ് രംഗത്തെത്തി.

‘വര്‍ഷങ്ങളായി, നിങ്ങളുടെ സര്‍ക്കാരും എന്‍ഡിഎ സഖ്യവും ജാതി സെന്‍സസിനുള്ള ആഹ്വാനങ്ങളെ ഭിന്നിപ്പിക്കുന്നതും അനാവശ്യവുമാണെന്ന് തള്ളിക്കളഞ്ഞു. ബീഹാര്‍ സ്വന്തമായി ജാതി സര്‍വേ നടത്താന്‍ മുന്‍കൈയെടുത്തപ്പോള്‍, സര്‍ക്കാരിന്റെ ഉന്നത നിയമ ഓഫീസറും നിങ്ങളുടെ പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള കേന്ദ്ര അധികാരികള്‍ ഓരോ ഘട്ടത്തിലും തടസ്സങ്ങള്‍ സൃഷ്ടിച്ചു. അത്തരം ഡാറ്റ ശേഖരണത്തിന്റെ ആവശ്യകതയെ നിങ്ങളുടെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. നിങ്ങളുടെ വൈകിയ തീരുമാനം നമ്മുടെ സമൂഹത്തില്‍ വളരെക്കാലമായി തരംതാഴ്ത്തപ്പെട്ട പൗരന്മാരില്‍ നിന്നുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു-‘തേജസ്വി യാദവ് പറഞ്ഞു.