ചൂയിങ് ഗം ചവച്ചു നടക്കാൻ നല്ല രസമാണ്. ചെറുപ്പത്തിലെ ശീലം പോലെ ഇപ്പോഴും തുടരുന്നവർ ഏറെയാണ്. ചൂയിങ് ഗം സ്ഥിരമായും ദീർഘനേരം വായിലിട്ടു ചവയ്ക്കുന്ന ശീലം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇത് നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കാമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. തലച്ചോറിന്റെ നാശത്തിലേക്കാണ് ഇത് നയിക്കുന്നത്.
നമ്മൾ ചവച്ചുകൊണ്ടിരിക്കുന്ന ഈ ചൂയിങ് ഗത്തിൽ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളാണ് വലിയ തലവേദനയാകുന്നത്. പുതിയ കാലത്തെ ചൂയിങ്ങ് ഗമ്മുകളുടെ ബേസായി പോളിഎത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ഗുരുഗ്രാം ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഡയറക്ടര്‍ ഡോ. ആദിത്യ ഗുപ്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പ്ലാസ്റ്റിക് ബാഗുകളിലും പശകളിലുമൊക്കെ ഉപയോഗിക്കുന്ന വസ്തുക്കളാണ് ഈ പറയുന്നവ. ചൂയിങ് ഗം ചവയ്ക്കുമ്പോള്‍ ഉമിനീരും ഘര്‍ഷണവും ഗമ്മിന്റെ പ്രതലത്തെ ശിഥിലമാക്കി ആയിരക്കണക്കിന് സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളെ വായിലേക്ക് വിടുന്നതായി ഡോ. ആദിത്യ പറയുന്നു.
ഓരോ ഗ്രാം ഗമ്മിനൊപ്പവും 100 മൈക്രോപ്ലാസ്റ്റിക്കുകള്‍ ശരീരത്തിനുള്ളിലെത്തുന്നതായി പഠനറിപ്പോര്‍ട്ടിൽ പറയുന്നു. ചില ഉത്പനങ്ങളിലാകട്ടെ ഇത് 600 വരെയും വലുപ്പം കൂടിയ ഗമ്മാണെങ്കില്‍ ആയിരം വരെയും പോകാം. വയറിന്റെ ആവരണം, രക്തവും തലച്ചോറും തമ്മിലുള്ള അതിരുകള്‍ എന്നിവയെല്ലാം ഭേദിക്കുന്ന മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. തലച്ചോര്‍, നാഡീവ്യൂഹ വ്യവസ്ഥ എന്നിവയെ എല്ലാം ഇത് ദോഷകരമായി ബാധിക്കുന്നു.
ശരീരത്തിലെ പ്രതിരോധ പ്രതികരണത്തെ ബാധിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ദീര്‍ഘകാല നീര്‍ക്കെട്ടും ശരീരത്തില്‍ അവശേഷിപ്പിക്കും. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുമായി ഈ നീര്‍ക്കെട്ട് ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന് പ്രായമേറ്റുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സും മൈക്രോപ്ലാസ്റ്റിക്കുകള്‍ മൂലം ഉണ്ടാകാം. സാപോഡില്ല മരത്തിന്റെ കറയായ ചിക്കിള്‍, മറ്റ് സസ്യക്കറകള്‍ എന്നിവയില്‍ നിന്നുണ്ടാക്കുന്ന പ്രകൃതിദത്ത ഗം മൈക്രോപ്ലാസ്റ്റിക് സമ്പര്‍ക്കം കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതും ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ സ്വാധീനം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മൈക്രോപ്ലാസ്റ്റിക്കുകൾ ഇൻഫ്ലമേഷൻ വർധിപ്പിക്കും. ഒപ്പം കോശങ്ങളെ തകരാറിലാക്കുകയും അവയവങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും പ്രതിരോധപ്രതികരണങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. പ്ലാസ്റ്റിക്കുമായുള്ള സമ്പർക്കം, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ചില കാൻസറുകൾക്കും ഉള്ള സാധ്യത കൂട്ടുന്നു എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
content highlight: Cheuwingum