പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക്. വെള്ളിയാഴ്ച രാത്രിയാണ് യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് യൂട്യൂബ് ചാനലിന് വിലക്ക് ഏർപ്പെടുത്തിയത്. പാകിസ്ഥാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അതാഉല്ല തരാറിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.
ഇന്ത്യ അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ സൈനിക ആക്രമണം നടത്തുമെന്ന് രഹസ്യ വിവരം ലഭിച്ചതായി അതാഉല്ല തരാർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്കകമാണ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. നിരവധി പാകിസ്ഥാൻ മന്ത്രിമാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നേരത്തെ തടഞ്ഞിരുന്നു.
ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഷഹ്ബാസ് ഷെരീഫിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്‌തിട്ടുണ്ട്. പ്രശസ്ത പാകിസ്ഥാൻ നടന്മാരായ മഹിര ഖാൻ, ഹനിയ ആമിർ, സനം സയീദ്, അലി സഫർ എന്നിവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.