കഴിഞ്ഞയാഴ്ച നടന്ന പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അയൽരാജ്യത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നയതന്ത്ര നടപടികൾക്ക് മറുപടിയായി പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. ഇതിന് 6 ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയുടെ വ്യോമപാതയിലും നിരോധനമേർപ്പെടുത്തി. പാകിസ്ഥാൻ വ്യോമപാത അടച്ചതോടെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയ്ക്ക് ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.പാകിസ്ഥാൻ വ്യോമപാതയിലെ നിരോധനം ഒരു വർഷത്തിലധികം നീണ്ടു പോയാൽ എയർ ഇന്ത്യയുടെ നഷ്ടം 600 മില്യൺ ഡോളർ അഥവാ ഏകദേശം 5,078 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം നിലവിലെ സാഹചര്യത്തിൽ കമ്പനിക്ക് സാമ്പത്തികമായി പിന്തുണ നൽകണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കമ്പനി കത്തെഴുത്യിട്ടുണ്ട്.
കൂടുതൽ ദീർഘമായ വ്യോമപാതകളിലൂടെ സർവീസ് നടത്തേണ്ടി വരുന്നതിനാൽ ഉയർന്ന തോതിലുള്ള ഇന്ധന-അനുബന്ധ ചിലവുകൾ കമ്പനിക്കുണ്ടാകും. ഇത് നികത്താനുള്ള അധിക ചിലവിന് വേണ്ടി സബ്സിഡി അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 27ാം തിയ്യതിയിലെ കത്തിൽ ഏകദേശം 591 മില്യൺ ഡോളറിന്റെ നഷ്ടമാണ് എയർ ഇന്ത്യ കണക്കു കൂട്ടുന്നത്. പാക് തീരുമാനം ദോഷകരമായി ബാധിച്ച ഇന്റർനാഷണൽ ഫ്ലൈറ്റുകൾക്ക് സബ്സിഡി അനുവദിക്കുന്നത് ന്യായമായതും, സുതാര്യമായതുമായ തീരുമാനമായിരിക്കും. സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ ഇത് ഒഴിവാക്കാൻ സാധിക്കുന്നതാണെന്നും കമ്പനി പറയുന്നു.
പാക് വ്യോമപാത അടച്ചത് തങ്ങളുടെ ദീർഘദൂര സർവീസുകളെ കൂടുതലായി ബാധിച്ചെന്ന് എയർ ഇന്ത്യ കേന്ദ്ര വ്യോമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ യൂറോപ്പ്, യു.എസ്, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് കൂടുതലായി ബാധിച്ചത്. ഇത്തരം സർവീസുകൾ പൊതുവെ പാകിസ്ഥാൻ വ്യോമപാതയായിരുന്നു ഉപയോഗിച്ചിരുന്നത്.
നിലവിൽ ദൈർഘ്യമേറിയ, കൂടുതൽ കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളുള്ള റൂട്ടിൽക്കൂടി ഫ്ലൈറ്റുകൾ പോകേണ്ട സാഹചര്യമാണുള്ളത്. ഇത്തരത്തിൽ കൂടുതലായും ചൈനീസ് അതിർത്തിയോട് ചേർന്നാണ് റൂട്ടുകളുള്ളത്. ഇക്കാരണത്താൽ ചൈനയിൽ നിന്ന് ഓവർ ഫ്ലൈറ്റ് അനുമതി നേടി നൽകണമെന്നും, നോർത്ത് അമേരിക്കയിലേക്കുള്ള സുദീർഘമായ റൂട്ടിൽ കൂടുതൽ പൈലറ്റുമാരെ അനുവദിക്കണമെന്നും കമ്പനി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
നിലവിൽ എയർ ഇന്ത്യ അടക്കമുള്ള ഇന്ത്യൻ വിമാന കമ്പനികൾ കേന്ദ്ര വ്യോമ മന്ത്രാലയവുമായി ചർച്ചകൾ നടത്തുകയാണ്. പുതിയ വ്യോമപാതകൾ അനുവദിക്കുകയും, നികുതി കിഴിവുകൾ, ഇന്ധന വിലയിൽ ആനുകൂല്യം തുടങ്ങിയവ നൽകുകയും ചെയ്ത് സർക്കാർ പിന്തുണയ്ക്കണമെന്നാണ് കമ്പനികളുടെ പ്രധാന ആവശ്യം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി റിപ്പോർട്ട് തേടിയിട്ടുണ്ട്.