എല്ലാം സ്മാർട്ട് ആയ ഇക്കാലത്ത് എല്ലാവരുടെയും കൈയിലുള്ള ഫോൺ മാത്രമല്ല, കൈത്തണ്ടയിലെ വാച്ചും സ്മാർട്ടാണ്. സ്മാർട്ട് ഫോൺ ലോകത്ത് സൂപ്പർ സ്റ്റാറുകൾക്ക് ജന്മം നൽകിയിട്ടുള്ള ഹോണർ ഇതാ, സ്മാർട്ട് വാച്ച് വിപണിയിലും ഒരു സൂപ്പർ സ്റ്റാറിനെ ഇറക്കാനുള്ള തയാറെടുപ്പിലാണ്.
ഈ വർഷം മാർച്ചിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് ഹോണർ വാച്ച് 5 അൾട്ര ആദ്യമായി അവതരിപ്പിച്ചത്. ഇസിജി റീഡിംഗ് വരെ പിന്തുണയ്ക്കുന്ന ഈ വാച്ച് 15 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന വമ്പൻ ബാറ്ററിയുമായാണ് എത്തുന്നത്. വ്യാഴാഴ്ച ചൈനയിൽ നടന്ന ഒരു ഇവന്‍റിൽ മാജിക്ബുക്ക് പ്രോ 16 2025 ലാപ്‌ടോപ്പ് ഹോണർ അവതരിപ്പിച്ചിരുന്നു. ഇതേ ഇവന്റിൽ വച്ചാണ് പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചേക്കുമെന്ന സൂചന ഹോണർ നൽകിയത്. 2 പുതിയ വാച്ചുകളാണ് പുറത്തിറക്കുക.
1.5 ഇഞ്ച് വലിപ്പമുള്ള 60Hz റിഫ്രഷ് റേറ്റുള്ള എൽ ടി പി ഒ അമോലെഡ് ഡിസ്പ്ലേയാണ് ഹോണർ വാച്ച് 5 അൾട്രയിൽ ഒരുക്കിയിരിക്കുന്നത്. സഫയർ ഗ്ലാസ് സംരക്ഷണവും നൽകിയിട്ടുണ്ട്. 480mAh ബാറ്ററിയാണ് പ്രധാന ആകർഷണം. ഒറ്റ ചാർജിൽ 15 ദിവസം വരെ ഉപയോഗിക്കാമെന്നാണ് ഹോണർ അവകാശപ്പെടുന്നത്. ക്വിക്ക് ഹെൽത്ത്, ഇസിജി ട്രാക്കിംഗ്, ഉറക്കം, ഹൃദയമിടിപ്പ് സ്കാനുകൾ, രക്ത-ഓക്സിജൻ നിരീക്ഷണം തുടങ്ങിയ നിരവധി ഫീച്ചറുകളും നൂറിലധികം സ്പോർട് മോഡുകളും വാച്ചിൽ ഒരുക്കിയിട്ടുണ്ട്. 25000 രൂപക്ക് മുകളിലാവും ഈ പ്രീമിയം വാച്ചിന്‍റെ വില വരുക.
content highlight: Honar watch 5 ultra