പ്രായപൂർത്തിയാകാത്തവരുടെ ബാങ്ക് അക്കൗണ്ടുകളുമായി (മൈനർ ബാങ്ക് അക്കൗണ്ടുകൾ) ബന്ധപ്പെട്ട് റിസർവ് ബാങ്ക് പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.ഏത് പ്രായത്തിലുള്ള കുട്ടികൾക്കും ഇനി നിയപരമായ രക്ഷിതാവ് മുഖേന സേവിങ്സ്/ടേം ഡെപ്പോസിറ്റ് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും. വിശദ വിവരങ്ങൾ അറിയാം
0 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി അക്കൗണ്ട് ആരംഭിക്കാനും, പ്രവർത്തിപ്പിക്കാനും സാധിക്കും. അതായത് പണം നിക്ഷേപിക്കൽ, പിൻവലിക്കൽ അടക്കമുള്ള വിനിമയങ്ങൾ നടത്താൻ സാധിക്കും. അതേ സമയം പണമിടപാട് പരിധി, പ്രായം എന്നിവയിൽ ബാങ്കുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താം.
മൈനർ അക്കൗണ്ടുകളിൽ ആവശ്യമെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സൗകര്യം, എ.ടി.എം, ചെക്ക് ബുക്ക് എന്നിവ നൽകാം. അതേ സമയം മൈനർ അക്കൗണ്ടുകളിൽ നിന്ന് അമിതമായി പണം പിൻവലിക്കുന്നില്ലെന്നും, ആവശ്യത്തിന് ബാലൻസ് സൂക്ഷിക്കുന്നുണ്ടെന്നും ബാങ്കുകൾ ഉറപ്പാക്കേണ്ടതുമാണ്. അതായത് ബാങ്കിന്റെ റിസ്ക് പോളിസി, ഉപയോക്താക്കളുടെ ആവശ്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ഇക്കാര്യങ്ങളിൽ ബാങ്കിന് തീരുമാനങ്ങളെടുക്കാം.
കുട്ടികളുടെ അമ്മമാരെ ഗാർഡിയൻമാരായി നിശ്ചയിച്ചു കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ ഇപ്പോൾ ബാങ്കുകൾ അനുമതി നൽകുന്നുണ്ട്. 1976 വർഷത്തിലാണ് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് ഓപ്പണിങ് നിയമത്തിൽ മാറ്റങ്ങൾ വരുത്തിയത്. നിലവിൽ റൂളുകളിൽ മാറ്റങ്ങൾ വരുത്തിയ സാഹചര്യത്തിൽ മൈനർ അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ വ്യവസ്ഥകളും, മാനദണ്ഡങ്ങളും ബാങ്ക്, ഉപയോക്താക്കളോട് വിശദമാക്കും.
മൈനർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. അക്കൗണ്ട് ആരംഭിക്കുന്നതിന് മുമ്പും, ശേഷവും കൃത്യമായ ഇടവേളകളിൽ കെ.വൈ.സി നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്നും ബാങ്കുകൾക്ക് നിർദ്ദേശമുണ്ട്. മൈനർ അക്കൗണ്ടുകൾ ഉപയോഗിച്ചു കൊണ്ടുള്ള തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണിത്. മൈനർ അക്കൗണ്ടുകളിൽ ഓവർ ഡ്രാഫ്റ്റ് സൗകര്യം അനുവദിക്കുകയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. മൈനർ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കടം എടുക്കാനും സാധിക്കുകയില്ല.
ഇത്തരത്തിൽ ആരംഭിക്കുന്ന അക്കൗണ്ട് ഉടമകളായ, കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തേണ്ടതാണ്. പുതിയ ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ് ആ സമയത്ത് നൽകും. അടുത്ത ജൂലൈ ഒന്നാം തിയ്യതിക്കകം പുതിയ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നതിലൂടെ, കുട്ടികളുടെ ഇടയിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കുക എന്ന വലിയ ഒരു ലക്ഷ്യവും റിസർവ് ബാങ്കിനുണ്ട്