ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടഞ്ഞ ഇസ്രയേല്‍ നടപടി പലസ്തീന്‍ പൗരന്‍മാരെ പട്ടിണി മരണത്തിലേക്ക് തള്ളിവിടുന്നതായി റിപ്പോര്‍ട്ട്. ഉപരോധം മൂലം കുറഞ്ഞത് 57 പലസ്തീനികള്‍ പട്ടിണി മരിച്ചെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറയുന്നു. ഗാസ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയുന്ന ഇസ്രായേല്‍ ഉപരോധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് കണക്കുകള്‍ പുറത്തുവരുന്നത്. പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും മൂലം ജനന്‍ സാലിഹ് അല്‍-സകാഫി എന്നപെണ്‍ കുട്ടി ഗാസ സിറ്റിയുടെ പടിഞ്ഞാറുള്ള റാന്തിസി ആശുപത്രിയില്‍ മരിച്ച സംഭവം പ്രദേശത്തെ പട്ടിണിയുടെ ആഴം വ്യക്തമാക്കുന്ന ഒടുവിലെ ഉദാഹരണമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു.
ഗാസ നിവാസികള്‍ക്ക് നിലവില്‍ ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുക എന്നത് പോലും വെല്ലുവിളിയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്മ്യൂണിറ്റി കിച്ചണുകളെ ആശ്രയിച്ചാണ് പലസ്തീനികള്‍ ഇപ്പോള്‍ ജീവിതം തള്ളി നീക്കുന്നത്. മതിയായ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ കടകളില്‍ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില പോലും താങ്ങാവുന്നതില്‍ അപ്പുറത്താണ്. ഗാസയിലെ ജനങ്ങളുടെ പക്കല്‍ പണമില്ലെന്നും അല്‍ജസീറ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഗാസയ്ക്ക് പുറത്ത് ഭക്ഷണം ഉള്‍പ്പെടെയുള്ള വസ്തുക്കളുമായെത്തിയ ട്രക്കുകള്‍ പ്രവേശനം കാത്ത് കിടക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
STORY HIGHLIGHTS : israels-blockade-starved-57-palestinians-to-death-in-gaza